തെരുവ് നായ വിഷയത്തിലെ ഉത്തരവിനെ വിമർശിച്ച മുൻ കേന്ദ്രമന്ത്രി മനേക ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. പരാമർശങ്ങൾ കോടതിയലക്ഷ്യമാണെന്ന് പറഞ്ഞ കോടതി, പ്രശ്നപരിഹാരത്തിന് മനേക എന്ത് ചെയ്തുവെന്നും ചോദിച്ചു.
ദില്ലി: തെരുവ് നായ വിഷയത്തിൽ ഉത്തരവിനെ വിമർശിച്ച മുൻ കേന്ദ്രമന്ത്രി മനേക ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. പരാമർശങ്ങൾ കോടതിയലക്ഷ്യമാണെന്നും എന്നാൽ കോടതിയുടെ മഹാമനസ്കത കാരണം കേസെടുക്കുന്നില്ലെന്നും പറഞ്ഞു. തെരുവ് നായ പ്രശ്നം പരിഹരിക്കുന്നതിന് ബജറ്റ് വിഹിതം ലഭിക്കുന്നതിന് മനേക ഗാന്ധി എന്താണ് ചെയ്തതെന്നും കോടതി ചോദിച്ചു. മനേകയുടെ പോഡ്‌കാസ്റ്റിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി, മൃഗക്ഷേമ പ്രവർത്തക കൂടിയായ മനേക ഗാന്ധി ചിന്തിക്കാതെ എല്ലാത്തരം അഭിപ്രായങ്ങളും നടത്തുകയാണെന്നും അവരുടെ ശരീര ഭാഷ ശരിയല്ലെന്നും വിമർശിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് മനേക ഗാന്ധിയെ വിമർശിച്ചത്.
തെരുവ് നായ ആക്രമണത്തിന് നായകൾക്ക് ഭക്ഷണം നൽകുന്നവരെ ഉത്തരവാദികളാക്കണമെന്ന് പറഞ്ഞത് ഗൗരവമേറിയ കാര്യമാണെന്നും തമാശയല്ലെന്നും കോടതി. മനേക ഗാന്ധിയുടെ അഭിഭാഷകനായ രാജു രാമചന്ദ്രനെതിരെയും കോടതി വിമർശിച്ചു. കോടതിയുടെ അഭിപ്രായങ്ങളെക്കുറിച്ച് പ്രതികരിക്കാൻ രാമചന്ദ്രൻ വിസമ്മതിച്ചു. ഇതൊരു കോടതിയലക്ഷ്യ കേസല്ലെന്നും 26/11 ഭീകരൻ അജ്മൽ കസബിനു വേണ്ടി താൻ ഹാജരായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കസബ് കോടതിയലക്ഷ്യ കുറ്റം ചെയ്തിട്ടില്ലെന്ന് ജസ്റ്റിസ് നാഥ് മറുപടി നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ്, റെയിൽവേ സ്റ്റേഷനുകൾ എന്നിവയുടെ പരിസരങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് മനേക ഗാന്ധി രംഗത്തെത്തിയത്. 5,000 നായ്ക്കളെ നീക്കം ചെയ്താൽ, നിങ്ങൾ അവയെ എവിടെ സൂക്ഷിക്കുമെന്നായിരുന്നു മനേക ചോദിച്ചത്.
