കയ്യേറ്റഭൂമി തിരിച്ച് പിടിക്കാന്‍ പുതിയ നിയമവും ട്രൈബ്യൂണലും വരുന്നു

By Web DeskFirst Published Apr 15, 2017, 12:59 PM IST
Highlights

തിരുവനന്തപുരം: മൂന്നാറില്‍ അടക്കം കയ്യേറ്റഭൂമി തിരിച്ച് പിടിക്കാന്‍ പുതിയ നിയമവും ട്രൈബ്യൂണലും വരുന്നു. ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ ട്രൈബ്യൂണല്‍ മൂന്ന് മാസത്തിനകം കേസുകളില്‍ വിചാരണ തീര്‍ക്കും. കയ്യേറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ആന്റി ലാന്റ് ഗ്രാബിംഗ് നിയമത്തിന്റെ കരട് തയ്യാറായി. നോക്കുകുത്തിയായി മാറിയ മൂന്നാര്‍ ട്രിബ്യൂണല്‍. ഇഴഞ്ഞ് നീങ്ങുന്ന ഭൂമി കേസുകള്‍, അതിവേഗം ഭൂമി തിരിച്ച് പിടിക്കാനാണ് സര്‍ക്കാര്‍ പുതിയ നിയമ നിര്‍മ്മാണത്തിന് ഒരുങ്ങുന്നത്.

റവന്യു വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം നിയമ സെക്രട്ടറി കരട് തയ്യാറാക്കി വകുപ്പിന് കൈമാറി.സീനിയര്‍ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ ട്രിബ്യൂണല്‍. കേസുകളില്‍ അതിവേഗ വിചാരണയും തീര്‍പ്പും.എല്ലാം മൂന്ന് മാസത്തിനകം വേണം. അപ്പീല്‍ സാധ്യത ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ മാത്രം. വയനാട്ടിലെ കയ്യേറ്റമൊഴിപ്പിക്കാനും ഹാരിസണ്‍ ഭൂമി തിരിച്ച് പിടിക്കാനും രണ്ട് പുതിയ ട്രിബ്യൂണല്‍ കൂടി നിയമത്തില്‍ പറയുന്നു . കരടിലുള്ളത് കര്‍ശന വ്യവസ്ഥകള്‍.

200 ഓളം വരുന്ന വന്‍കിടക്കാരുടെ കയ്യില്‍ സര്‍ക്കാറിന് അവകാശപ്പെട്ട അഞ്ചു ലക്ഷം ഏക്കറോളം ഭൂമി ഉണ്ടെന്നും ഗുരുതരമായ നിയമക്കുരുക്കുകളില്‍ പെട്ട് കിടക്കുന്ന ഭൂമി തിരിച്ച് പിടിക്കാന്‍ പ്രത്യേക നിയമ നിര്‍മ്മാണം തന്നെ വേണമെന്നുമുള്ള  രാജമാണിക്യം റിപ്പോര്ര്‍ട്ടിന്റെ കൂടി പശ്ചാത്തലത്തിലാണ് ആന്ധ്ര മോഡല്‍ ആന്റി ലാന്റ് ഗ്രാബിംഗ് ആക്ട് വരുന്നത്. അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വച്ചവര്ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കും വിധം വ്യവസ്ഥകളും നിയമത്തിലുണ്ടാകുമെന്നാണ്  സൂചന. മുഖ്യമന്ത്രിയുടേയും മന്ത്രിസഭയുടേയും അനുമതിയോടെ കരട് നിയമസഭയിലവതരിപ്പിച്ച് നിയമമാക്കും.

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലിപ്പോള്‍ വലിയ രാഷ്‌ട്രീയ ചര്‍ച്ചയാണ്. മൂന്നാറില്‍ മാത്രമല്ല സംസ്ഥാനത്തെ മുഴുവന്‍ കയ്യേറ്റങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി എന്ന് ഓര്‍മ്മിപ്പിച്ചാണ് പുതിയ നിയമം.

click me!