കേരളത്തില്‍ എഴുത്തു ലോട്ടറി ചൂതാട്ടം വ്യാപകം

Web Desk |  
Published : Oct 06, 2016, 11:40 PM ISTUpdated : Oct 05, 2018, 02:41 AM IST
കേരളത്തില്‍ എഴുത്തു ലോട്ടറി ചൂതാട്ടം വ്യാപകം

Synopsis

വന്‍തുക മോഹിച്ച് സംസ്ഥാന ലോട്ടറിയെ ഒഴിവാക്കി ആളുകള്‍ കൂട്ടത്തോടെ ചൂതാട്ട ലോട്ടറിയിലേക്ക് വഴിമാറുന്നതാണ് കാഴ്ച്ച. ഭാഗ്യക്കുറി നറുക്കെടുപ്പ് കേന്ദ്രത്തിലെ ഏജന്റുമാരും ഇടനിലക്കാരുമാണ് വന്‍കിടക്കാര്‍ക്ക് വേണ്ടി ഈ ചൂതാട്ട ലോട്ടറിയെ നിയന്ത്രിക്കുന്നത്. അംഗീകൃത വന്‍കിട ലോട്ടറി ഏജന്‍സികള്‍ തന്നെയാണ് ഈ തട്ടിപ്പിന് പിന്നിലെന്നാണ് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.

ഭാഗ്യക്കുറി വിറ്റ് ഉപജീവനം നടത്തുന്ന പ്രകാശനെപ്പോലുള്ളവരെ നടുവൊടിക്കുന്നതാണ് സമാന്തര ലോട്ടറി. തൊഴിലാളികളും ഭാഗ്യപരീക്ഷകരും കൂടുതലുള്ള മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പന. ഇത് തളിപ്പറമ്പ് മാര്‍ക്കറ്റ്. വില്‍പ്പന കേന്ദ്രത്തില്‍ നിരത്തിവെച്ചിരിക്കുന്ന ടിക്കറ്റുകള്‍ കാഴ്ച്ചയ്ക്ക് മാത്രമാണ്. പരിചയക്കാരുടെ കൂടെ ചെന്നാല്‍ മാത്രമേ എഴുതാനാകൂ. ചെയ്യേണ്ടത് ഇത്രമാത്രം. അവിടെയെത്തി ഒരു നമ്പര്‍ പറയണം(മൂന്നക്കം). പറയുന്ന നമ്പറിന് തിരികെ തരുന്നത് ഒരു കടലാസ് മാത്രം. വന്‍തുക മറിയുന്ന കളിയില്‍ ഈ കടലാസാണ് എല്ലാം. ഒരു പ്രശ്‌നവുമില്ലെന്ന് വില്‍പ്പനക്കാരുടെ ഉറപ്പ്. മുഖ്യ ഏജന്റുമാരാണ് ഇതെല്ലാം നോക്കുന്നതെന്നും ഒരു പ്രശ്‌നവുമുണ്ടാകില്ലെന്നും വില്‍പ്പനക്കാര്‍ വീണ്ടും വീണ്ടും പറയുന്നു.

ദിവസേന നറുക്കെടുക്കുന്ന സംസ്ഥാന ലോട്ടറി നമ്പരിലെ അവസാന മൂന്നു നമ്പരുകളില്‍ എ ബി സി എന്നിങ്ങനെയാണ് കളി. ഓരോ അക്കങ്ങളിലായും മൂന്നക്കത്തില്‍ ഒരുമിച്ചും ഇറക്കുന്ന പണത്തിന്റെ പത്തിരട്ടിയാണ് സമ്മാനം.

വര്‍ഷങ്ങളും മാസങ്ങളും ഒരേ നമ്പറില്‍ സ്ഥിരമായി പണമിറക്കുന്നവരുണ്ട്. പ്രവചനം ഫലിച്ചാല്‍, ഇറക്കുന്ന പണത്തിന്റെ പത്തിരട്ടി സമ്മാനമെന്നതിനാല്‍ ഉള്ള പണം മുഴുവനിറക്കി തകര്‍ന്നവരെയും കാണാം. ചൂതാട്ട ലോട്ടറിയില്‍ പെട്ടയാള്‍ 228 ലാണ് കഴിഞ്ഞ കൊല്ലം മുഴുവന്‍ കളിച്ചത്. ഒരു മാസം ഒരു കളിയെടുക്കുന്നുണ്ട്. ഒരു അക്കം വെക്കുന്നുണ്ട്.  

സംസ്ഥാന ലോട്ടറി ഫലം ഔദ്യോഗികമായി വരുന്നതിന് മുന്‍പേ നറുക്കെടുപ്പ് കേന്ദ്രത്തില്‍ നിന്ന് മെസേജായും വാട്‌സാപ്പിലും വില്‍പ്പനക്കാര്‍ക്ക് മാത്രമായി ഏജന്റുമാരുടെ നേരത്തേ ഫലമെത്തിക്കും. കോടികള്‍ മറിയുന്ന കച്ചവടത്തില്‍ കണ്ണികളായി അംഗീകൃത ഡീലര്‍മാര്‍ തന്നെയാണ് രംഗത്ത്. എന്നാല്‍ പണമെത്തുന്ന വഴികള്‍ അജ്ഞാതമാണ്. എല്ലാം വലിയ ആളുകളെന്ന് ഇടനിലക്കാര്‍. നേരത്തെ മറ്റൊരു തട്ടിപ്പിന് സര്‍ക്കാര്‍ നടപടി നേരിട്ട പ്രമുഖ ഏജന്‍സിയുടെ പേരും ഇയാള്‍ പറഞ്ഞു.

അവര്‍ക്ക് റെയ്ഡും കീടുമൊന്നും നോക്കാനില്ലെന്ന് ഇടനിലക്കാരന്‍ പറയുന്നു. പൊക്കിയങ്ങ് കൊണ്ടുപോകും. അതാ അവരുടെ സ്വഭാവം. നമുക്ക് അവരോടൊന്ന് സംസാരിക്കാന്‍ പറ്റുമോയെന്ന് ഈ കളിയിലൂടെ ചതിക്കപ്പെട്ടയാള്‍ ചോദിച്ചപ്പോള്‍ മുമ്പ് പിടിയിലായ പ്രമുഖ ലോട്ടറി ഏജന്‍സിയെക്കുറിച്ചാണ് ഇടനിലക്കാരന്‍ പറയുന്നത്. ആര് മഞ്ജുവിന്റെ (ലോട്ടറി) അവിടെയോ..? കണ്ണൂര്‍? ഒന്ന് പോയി നോക്കണം അവിടെ. അവര്‍ക്ക് റെയ്ഡ് വരുന്നുണ്ടെങ്കില്‍ മുന്‍കൂട്ടി വിവരം കിട്ടുന്നവരാ. അത്രക്ക് പിടിപാടുള്ള ആള്‍ക്കാരാ.
ഇതില് നമ്മക്ക് ഒരു സബ് (ഇടനിലക്കാരന്‍) ഉണ്ട്. അതറിയോ നിങ്ങള്‍ക്ക്? നേരിട്ട് ഒരാളെയും പരിചയപ്പെടുത്തി തരില്ല. ഇങ്ങനത്തെ കേസായത് കൊണ്ട്- എന്നാണ് ഇടനിലക്കാരന്‍ പറയുന്നത്.

അന്യസംസ്ഥാന ലോട്ടറിയെ തുരത്തിയപ്പോള്‍ മറ്റൊരു രൂപത്തില്‍ കണക്കുകളില്ലാത്ത കോടികളിറങ്ങുകയാണ് ലോട്ടറിയില്‍. ടിക്കറ്റും രേഖകളുമില്ലാത്ത രഹസ്യവില്‍പ്പന. സമ്മാനമെന്ന പേരില്‍ കള്ളപ്പണവും കള്ളനോട്ടും ഇറങ്ങുന്ന വന്‍വിപണി. വന്‍തോക്കുകള്‍ നിയന്ത്രിക്കുന്ന എഴുത്തു ലോട്ടറി ചൂതാട്ടം, നിരോധിച്ച അന്യസംസ്ഥാന ലോട്ടറിയെപ്പോലെ തന്നെ സംസ്ഥാന ലോട്ടറിയെ തകര്‍ക്കുകയാണ്.

റിപ്പോര്‍ട്ട്- സഹല്‍ സി മുഹമ്മദ്
ക്യാമറ- കെ ആര്‍ മുകുന്ദന്‍

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ടപാടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച് വിഡി സതീശനും പിവി അൻവറും, 'ടീം യുഡിഎഫ് 2026 ൽ സെഞ്ച്വറി അടിക്കുന്നതിന്‍റെ ഭാഗമായതിൽ സന്തോഷം'
'ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടും'; ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ