ശബരിമല സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു

By Web TeamFirst Published Nov 26, 2018, 7:20 PM IST
Highlights

ശബരിമലയില്‍ ചുമതലയുളള ഉദ്യോഗസ്ഥരുടെ പുതിയ പട്ടികയായി. നിലയ്ക്കലില്‍ യതീഷ് ചന്ദ്രക്ക് പകരം എസ്. മഞ്ജുനാഥിന് ചുമതല. 

പത്തനംതിട്ട: ശബരിമലയില്‍ ചുമതലയുളള ഉദ്യോഗസ്ഥരുടെ പുതിയ പട്ടികയായി. നിലയ്ക്കലിലിന്‍റെ സുരക്ഷാ ചുമതല യതീഷ് ചന്ദ്രക്ക് പകരം എസ്. മഞ്ജുനാഥിന് നല്‍കി. സന്നിധാനത്ത് പ്രതീഷ് കുമാറിന് പകരം കറുപ്പസാമി എപിഎസിനാണ് ചുമതല. പമ്പയില്‍ ഹരിശങ്കറിന് പകരം കാളിരാജ് മഹേഷ്കുമാറിന് ചുമതല നല്‍കി. . ഈ മാസം മുപ്പത് മുതലാണ് പുന:ക്രമീകരണം.  

സന്നിധാനം മുതൽ  മരക്കൂട്ടം വരെ സുരക്ഷ ചുമതല ഐജി ദിനേന്ദ്രക കശ്യപിനായിരിക്കും. ഐജി വിജയ് സാക്കറെയ്ക്ക് പകരമാണിത്. പമ്പ നിലയ്ക്കല്‍ മേഖലയിലെ ചുമതല ഐജി അശോക് യാദവിനാണ്. ഐജി മനോജ് എബ്രഹാമിന് പകരമാണിത്.

സുപ്രീംകോടതി വിധി വന്ന ശേഷം സംസ്ഥാനത്തെ വിവിധ ഐപിഎസ് ഉദ്യോഗസ്ഥരെ ശബരിമല മുതല്‍ എരുമേലി വരെയുള്ള പ്രദേശങ്ങളുടെ സുരക്ഷാ ചുമതല നല്‍കി ഇവിടെ നിയമിച്ചിരുന്നു. നിലവില്‍ മറ്റു പദവികളില്‍ ഇരിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥരെ താല്‍കാലിക ചുമതല നല്‍കിയാണ് ശബരിമല ഡ്യൂട്ടിക്കായി വിന്യസിക്കുന്നത്.

വയനാട് എസ്.പിയും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷറുമാണ് ഇനി പുതുതായി ചുമതല എല്‍ക്കുന്നത് ഇവര്‍ക്ക് പകരം കോഴിക്കോട് റൂറല്‍ എസ്.പിക്ക് വയനാടിന്‍റേയും കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് സിറ്റി പൊലീസ് കമ്മീഷണറുടേയും ചുമതല നല്‍കിയിട്ടുണ്ട്. തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണറായ യതീഷ് ചന്ദ്ര ആ സ്ഥാനത്തേക്ക് മടങ്ങി പോകും. വ്യാഴാഴ്ച്ച രാവിലെ എട്ട് മണിക്ക് പുതുതായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കും എന്നാണ് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നുമുള്ള അറിയിപ്പില്‍ പറയുന്നത്. 
 

click me!