
ഇടുക്കി: നാവില്‍ നിന്നും ഓര്‍മ്മയില്‍ നിന്നും വിസ്മൃതിയിലേക്ക് നീങ്ങികൊണ്ടിരുന്ന കാടിന്റെ വിഭവങ്ങളുടെ തിരിച്ചു പിടിക്കലായി ചിന്നാര്‍ വന്യജീവി സങ്കേതം ഒരുക്കിയ വനരുചി എന്ന ആദിവാസി ഭക്ഷണ മേള. ശബരി - പഴനി തീര്‍ത്ഥാടന പാതയില്‍ മറയൂരില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെ ചിന്നാര്‍കാടിനുള്ളിലെ ആലാപെട്ടിയിലെ ഇക്കോഷോപ്പിന് സമീപം സംഘടിപ്പിച്ച ആദിവാസി ഭക്ഷണമേളയില്‍ കാട്ടുരുചിയും മറയൂരിന്റെ മാത്രം സ്വന്തമായ എരിവും മധുരവും രുചിച്ചറിയാന്‍ സഞ്ചാരികളുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. മറയൂരിന്റെ ചരിത്രത്തില്‍ ആദ്യമായി സംഘടിപ്പിച്ച ഭക്ഷണമേള മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍.ലക്ഷ്മി ഉദ്ഘാടനം ചെയ്തു.
ദ്രാവിഡ ജനതയുടെ ഏറ്റവും വലിയ ആഘോഷമായ പൊങ്കല്‍ ആഘോഷങ്ങളോടെയാണ് വനരുചി ആരംഭിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ പതിനൊന്ന് ആദിവാസികൂടികളിലെ ഗോത്രജനത തയ്യാറാക്കിയ അമ്പതോളം വനവിഭവങ്ങള്‍ പാളപാത്രങ്ങളില്‍ അലങ്കരിച്ചും കോരി കഴിക്കുന്നതിനായി പ്ലാവില കൊട്ടിയതും ഒരുക്കി ഭക്ഷണമേള പാരമ്പര്യവും തനിമയും നിലനിര്‍ത്തി. ചിന്നാര്‍ കാടിന്റെ മടിത്തട്ടില്‍ നടന്ന കാടിന്റെ മക്കളുടെ ഭക്ഷണമേള നടത്തിപ്പ് കൊണ്ടും തയ്യാറാക്കിയ വിഭവങ്ങളുടെ പോഷക മൂല്യത്തിലെ സമ്പന്നതകൊണ്ടും നിലവാരം പുലര്‍ത്തി.
വനരുചി തേടി എത്തുന്നവര്‍ക്ക് ഏറ്റവും ആസ്വാദ്യകരമായ രീതിയില്‍ ഭക്ഷിക്കാനായി ഓരോ വിഭവങ്ങളും അതിന്റെ കോമ്പിനേഷനുകളായാണ് ഒരുക്കിയത്. അതില്‍ ചോളം ഉപ്പുമാവ്, റാഗി അട, തേന്‍തിന ഉണ്ട, പായസം എന്നിവ ഒരു വിഭവമായും റാഗി ഉപ്പുമാവ്, ചക്കര കപ്പ, ചോളം തേന്മാവ്, പായസം എന്നിവ മറ്റൊരു വിഭാഗമായും മുളയരി കഞ്ഞി, നാല് കൂട്ടം ചമ്മന്തി, മുളക്കൂമ്പ് തോരന്‍, മത്തന്‍ പുഴുക്ക് എന്നിങ്ങനെ പല തരത്തിലുള്ള കോമ്പിനേഷന്‍ ആയിരുന്നതിനാല്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ വിഭവങ്ങള്‍ രുചിക്കുവാന്‍ സാധിച്ചു.
കൂടാതെ ചെമ്പരത്തി ജൂസ്, തിന തേന്‍ ബോള്‍സ്, മത്തങ്ങ തെകച്ചത്, സുകപ്പു വായ് തേമ്പ് തെകച്ചത്, ചീര തോരന്‍, അത്തിക്കായ് തോരന്‍, മുളക് വറുത്തത്, ചുണ്ടക്ക വറുത്തത്, ചീര ചമ്മന്തി, നെല്ലിക്ക ചമ്മന്തി, കുടമ്പുളി ചമ്മന്തി, കാന്താരി ചമ്മന്തി, അരിപ്പൊടി അട, എത്നിക് ചുക്ക് കാപ്പി, മുളയരി കഞ്ഞി, മുളകൂമ്പ് തോരന്‍, വരഗ് കഞ്ഞി, കമ്പം കൂഴ്, ചീനി വാഴ കിഴങ്ങ്, മലക്കിഴങ്ങ്, ചക്കര വള്ളി കിഴങ്ങ്, ചെറു കിഴങ്ങ്, ബട്ടര്‍ ബീന്‍സ് ചൂണ്ടല്‍, കടല ചൂണ്ടല്‍, ചിന്നി സൂപ്പ്, കപ്പ പായസം, തിന പായസം, മത്തങ്ങ പായസം, റാഗി അട എന്നിങ്ങനെ അമ്പതോളം ആദിവാസി ഭക്ഷണ വിഭവങ്ങളാണ് തയ്യാറാക്കിയിരുന്നത്.
ഉത്സവ സമാനമായ അന്തരീക്ഷത്തില്‍, ഇഷ്ട ഭക്ഷണം തെരഞ്ഞെടുത്ത് കഴിക്കുന്നവരും പുതുരുചികള്‍ തേടിപിടിച്ച് കഴിക്കുന്നവരുമായി ഭക്ഷണ മേള സജീവമായി. വിദേശികളും പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാരത്തിന് എത്തിയ കര്‍ണ്ണാടക, തമിഴ്നാട് ഉള്‍പ്പെടെയുള്ള പല ഭാഷക്കാരുടെ സാന്നിദ്ധ്യവും സവിശേഷതയായി. ഭക്ഷണം കഴിച്ച് വയര്‍ നിറച്ച് പോകുന്നവര്‍ക്ക് ഇക്കോ ഷോപ്പിന് സമീപം തയ്യാറാക്കിയിരിക്കുന്ന സ്റ്റാളില്‍ നിന്ന് കാട്ടു തേനും, ചോളപ്പൊടിയും, റാഗിപ്പൊടിയും, കാട്ടിലെ വിഭവങ്ങള്‍ കൊണ്ടുണ്ടാക്കിയ വിവിധ തരത്തിലുള്ള അച്ചാറുകള്‍, പുല്‍ തൈലം, ആദിവാസികള്‍ തയ്യാറാക്കിയ ചന്ദനതിരി എന്നിവ വാങ്ങുവാനുള്ള അവസരമൊരുക്കിയിരുന്നു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ഭക്ഷണമേള വൈകിട്ട് നാലരയോടെ സമാപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam