വയനാട് മെഡിക്കൽ കോളേജ് നഷ്ടമായാൽ ജനരോഷമുണ്ടാകുമെന്ന് മന്ത്രി കെ മുരളീധരൻ മുന്നറിയിപ്പ് നൽകി. മാനന്തവാടി മെഡിക്കൽ കോളേജിൽ 100 ദിവസത്തിനകം എംആർഐ സ്കാൻ സ്ഥാപിക്കുമെന്നും ഡോക്ടർമാരുടെ കുറവ് പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. കോളേജ് വികസനത്തിനുള്ള നടപടികൾ തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മാനന്തവാടി: വയനാട് മെഡിക്കൽ കോളജ് നഷ്ടമായാൽ ജനം ജനപ്രതിനിധികളെ അടിച്ചോടിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. മെഡിക്കൽ കോളേജ് വിഷയത്തിൽ വിട്ടുവീഴ്ച അനിവാര്യമാണ്. ഒരിടത്ത് കോളേജും മറ്റൊരിടത്ത് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും പരിഗണനയിലുണ്ട്. അതിപ്പോൾ ഏതാണ് സ്ഥലം എന്ന് പറയുന്നില്ല. സുൽത്താൻ ബത്തേരിയിൽ ജില്ലാ ആശുപത്രിയുമുണ്ട്. പിന്നീട് വയനാട് ജനതയ്ക്ക് ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ നേരിടേണ്ടി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മാനന്തവാടി മെഡിക്കൽ കോളേജിൽ 100 ദിവസത്തിനകം എംആർഐ സ്കാൻ മെഷീൻ സ്ഥാപിക്കുമെന്നും ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു. മെഡിക്കൽ കോളേജ് സന്ദർശനത്തിനും വിദ്യാർത്ഥികളും ഡോക്ടമാരും ജീവനക്കാരും ജനപ്രതിനിധികളും പങ്കെടുത്ത അവലോകന യോഗത്തിനും ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടമാർമാരുടെ കുറവ് സംബന്ധിച്ച് ഓരോ ഡിപ്പാർട്ട്മെന്റ് തലത്തിൽ പരിശോധിച്ച് പരിഹാരം കാണും. മെഡിക്കൽ കോളേജ് വികസനത്തിന് ഭൂമി കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും എത്രയും വേഗം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്നും കോളേജിലെ ഹോസ്റ്റൽ സൗകര്യം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മുനിസിപ്പാലിറ്റിയുമായി ചേർന്ന് തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോളേജിലെ സ്കിൽ ലാബിൽ നടന്ന അവലോകന യോഗത്തിൽ ഉഷ വിജയൻ എം.എൽ.എ അധ്യക്ഷയായി. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, വൈസ് ചെയർപേഴ്സൺ സിന്ധു സെബാസ്റ്റ്യൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിബു ജോർജ്, കൗൺസിലർ ഹംസ, മുൻ മന്ത്രി പി.കെ ജയലക്ഷ്മി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി മീനാക്ഷി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കെ.വി വിശ്വനാഥൻ, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ് നായർ, സബ്‍ കളക്ടർ അതുൽ സാഗർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എം മൊയ്തീൻ ഷാ, ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ. വി.ആർ ഷീജ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.ഡി ബെന്നി, സൂപ്രണ്ട് ഡോ.സി.കെ ജീവൻലാൽ തുടങ്ങിയവർ പങ്കെടുത്തു.


