
തിരുവനന്തപുരം: പൊതുപണിമുടക്ക് ദിവസം ബാങ്ക് ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്. മുന്‍കൂർ ജാമ്യം നേടാൻ അവസരമൊരുക്കാനാണ് ഇതെന്നാണ് ആരോപണം. കേസിലെ പ്രതിയായ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ശ്രീവൽസൻ സർക്കാർ ജീവനക്കാരെ ആക്രമിച്ച 2 കേസുകളിലും പ്രതിയാണ്.
എസ്ബിഐ ട്രഷറി ശാഖ ആക്രമിച്ച കേസിലെ ഏഴു പ്രതികളും നഗരത്തിൽ തന്നെയുണ്ടെന്ന് കണ്ടെത്തിയിട്ടും അറസ്റ്റുണ്ടായിട്ടില്ല. പ്രതികളുടെ ഓഫീസുകളിലും വീടുകളിലും പോയി അന്വേഷിച്ചതൊഴികെ പൊലീസിന്റെ ഭാഗത്തുനിന്നും വലിയ ശ്രമമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. മുൻകൂർ ജാമ്യാപേക്ഷയുമായി നാളെ പ്രതികള്‍ കോടതിയെ സമീപിക്കുമെന്നാണ് സൂചന. അതിലൊരു തീരുമാനമാകുന്നതുവരെ അറസ്റ്റ് ഒഴിവാക്കാനുള്ള നീക്കമാണ് നിലവില്‍ നടക്കുന്നതെന്ന ആരോപണം ശക്തമാകുന്നുണ്ട്.
എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ശ്രീവൽസൻ ഇതാദ്യമായല്ല ഓഫീസ് ആക്രമിച്ചതിന് പ്രതിയാകുന്നത്. ജില്ലാ ലോട്ടറി ഓഫീസ് ആക്രമിക്കുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുയും ചെയ്തതിന് രണ്ട് കേസുകളിൽ ഇയാൾ പ്രതിയാണ്. ലോട്ടറി ഓഫീസിലെ യുഡി ക്ലർക്ക് ശ്രീരജ്ഞനും, അസി.ലോട്ടറി ഓഫീസർ വിജയനും നൽകിയ കേസുകളിലാണ് ശ്രീവൽസനെ രണ്ടാം പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 2005ലും 2007ലും നടന്ന സംഭവങ്ങളിൽ വിചാരണ നടക്കാനിരിക്കുകയാണ്. എസ്ബിഐ ബ്രാഞ്ച് പ്രവര്‍ത്തിക്കുന്ന കെട്ടത്തിലുള്ള ജില്ലാ ട്രഷറിയിലെ ജീവനക്കാരനാണ് ശ്രീവൽസൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam