വെനസ്വേലയിലെ യുഎസ് ആക്രമണത്തെ 33 ശതമാനം അമേരിക്കക്കാർ മാത്രമാണ് പിന്തുണയ്ക്കുന്നതെന്ന് റോയിട്ടേഴ്‌സ് സർവ്വെ ഫലം. റിപ്പബ്ലിക്കൻമാരിൽ 65 ശതമാനം പേരും ട്രംപിന്‍റെ സൈനിക നടപടിയെ പിന്തുണച്ചപ്പോൾ ഡെമോക്രാറ്റുകളിൽ 11 ശതമാനം പേർ മാത്രമാണ് പിന്തുണച്ചത്. 

വാഷിങ്ടണ്‍: വെനസ്വേലയിലെ യുഎസ് ആക്രമണത്തെ 33 ശതമാനം അമേരിക്കക്കാർ മാത്രമാണ് പിന്തുണയ്ക്കുന്നതെന്ന് സർവ്വെ ഫലം. 72 ശതമാനം പേർ അമേരിക്ക വെനസ്വേലയിൽ അമിതമായി ഇടപെടുമെന്ന് ആശങ്ക രേഖപ്പെടുത്തിയതായും റോയിട്ടേഴ്‌സ് - ഇപ്‌സോസ് നടത്തിയ സർവ്വെ ഫലം പറയുന്നു. റിപ്പബ്ലിക്കൻമാരിൽ 65 ശതമാനം പേരും ട്രംപിന്‍റെ സൈനിക നടപടിയെ പിന്തുണച്ചു. അതേസമയം ഡെമോക്രാറ്റുകളിൽ 11 ശതമാനം പേരും സ്വതന്ത്രരിൽ 23 ശതമാനം പേരും മാത്രമാണ് പിന്തുണച്ചത്. രണ്ട് ദിവസമായി നടത്തിയ സർവ്വെയുടെ ഫലമാണ് പുറത്തുവിട്ടത്. 

അയൽ രാജ്യങ്ങളിൽ സ്വാധീനം ചെലുത്തുന്നത് ഉൾപ്പെടെയുള്ള ട്രംപിന്‍റെ വിദേശനയത്തിന് റിപ്പബ്ലിക്കൻ അനുയായികളുടെ പിന്തുണ ലഭിച്ചു. പശ്ചിമാർദ്ധഗോളത്തിൽ അമേരിക്കയ്ക്ക് ആധിപത്യം സ്ഥാപിക്കാനുള്ള നയം വേണം എന്ന പ്രസ്താവനയോട് 43 ശതമാനം റിപ്പബ്ലിക്കൻമാരും യോജിച്ചു. 10 ശതമാനം പേർ വിയോജിച്ചു. ബാക്കിയുള്ളവർ ഉറപ്പില്ല അല്ലെങ്കിൽ ചോദ്യത്തിന് ഉത്തരം നൽകില്ല എന്ന് പറഞ്ഞു. അതേസമയം ട്രംപിനുള്ള അംഗീകാരം 42 ശതമാനമാണ്. ഇത് ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന റേറ്റിംഗാണ്. ഡിസംബറിൽ നടത്തിയ വോട്ടെടുപ്പിൽ ഇത് 39 ശതമാനം ആയിരുന്നു.

ഇടക്കാല പ്രസിഡന്‍റായി ഡെൽസി റോഡ്രിഗസ്

വെനസ്വേലയിൽ ഇടക്കാല പ്രസിഡന്റ് ആയി ഡെൽസി റോഡ്രിഗസ് ചുമതലയേറ്റെടുത്തു. ഡെൽസിക്ക് പൂർണ പിന്തുണയെന്ന് മദൂറോയുടെ കുടുംബം അറിയിച്ചു. സാമ്രാജ്യത്വ, വലതുപക്ഷ ആക്രമങ്ങളെ പ്രതിരോധിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നേതാവായ ഡെല്‍സി റോഡ്രിഗസ് 'ടൈഗര്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്.

അതേസമയം, സൈനിക നടപടിയിലൂടെ അമേരിക്ക തടവിലാക്കിയ വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ അമേരിക്കയിലെ കോടതിയിൽ ഹാജരാക്കി. മദൂറോയേയും ഭാര്യ സീലിയ ഫ്ലോറെസിനേയും ന്യൂയോർക്കിലെ കോടതിയിലാണ് ഹാജരാക്കിയത്. താനിപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് ആണെന്നാണ് മദൂറോ കോടതിയോട് വിശദമാക്കിയത്. ലഹരിമരുന്ന് സംബന്ധമായ കുറ്റങ്ങളാണ് മദൂറോയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് മദൂറോ കോടതിയെ അറിയിച്ചു.

താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നാണ് 63കാരനായ നിക്കോളാസ് മദൂറോ കോടതിയിൽ പരിഭാഷകൻ മുഖേന വ്യക്തമാക്കിയത്. മാൻഹാട്ടനിലെ ഫെഡറൽ കോടതിയിലാണ് ഇരുവരെയും ഹാജരാക്കിയത്. മാ‍‍ർച്ച് 17നാണ് ഇരുവരെയും വീണ്ടും കോടതിയിൽ ഹാജരാക്കുക. മദൂറോയ്ക്ക് അനുകൂലമായും പ്രതികൂലമായും മുദ്രാവാക്യം വിളികളുമായി നിരവധിപ്പേർ കോടതി പരിസരത്ത് എത്തിയിരുന്നു.