റഷ്യയില്‍ പുതിയ അര്‍ജന്‍റീന ജനിച്ചിരിക്കുന്നു

Web Desk |  
Published : Jun 27, 2018, 01:30 AM ISTUpdated : Oct 02, 2018, 06:47 AM IST
റഷ്യയില്‍ പുതിയ അര്‍ജന്‍റീന ജനിച്ചിരിക്കുന്നു

Synopsis

മെസിക്കും റോഹോയ്ക്കും ഗോള്‍ അര്‍ജന്‍റീന പ്രീക്വാര്‍ട്ടറില്‍

സെന്‍റ് പീറ്റേഴ്സ്ബര്‍ഗ്: എല്ലാവരുടെയും വിധിയെഴുതിയത് അവരുടെ പരാജയമായിരുന്നു. പക്ഷേ, ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് അങ്ങനെ അങ്ങ് തോറ്റ് മടങ്ങാനുള്ള കഴിയില്ലായിരുന്നു. അവസരത്തിനൊത്ത് ഉയര്‍ന്ന് കളിച്ച അര്‍ജന്‍റീന മെസിയുടെ തേരിലേറി പ്രീക്വാര്‍ട്ടറില്‍. പൊരുതി കളിച്ച നെെജീരിയക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മെസിപ്പട ജയിച്ചു കയറിയത്. അര്‍ജന്‍റീനയ്ക്കായി ലിയോണല്‍ മെസിയും മാര്‍ക്കസ് റോഹോയും ഗോളുകള്‍ സ്വന്തമാക്കി. ആഫ്രിക്കന്‍ പടയുടെ ഏക ഗോള്‍ വിക്ടര്‍ മോസസ് പേരിലെഴുതി. 

മെസിയുടെ തിരിച്ചുവരവ്

തിരിച്ചടികളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് സുന്ദരമായ ഫുട്ബോളാണ് ആഫ്രിക്കന്‍ ശക്തികള്‍ക്കെതിരെ അര്‍ജന്‍റീന ആദ്യപകുതിയില്‍ കാഴ്ചവെച്ചത്. ആദ്യ മുതല്‍ ആക്രമിച്ച് കളിച്ച അര്‍ജന്‍റീന 14-ാം മിനിറ്റില്‍ തന്നെ ഗോള്‍ സ്വന്തമാക്കി. മെെതാന മധ്യത്ത് നിന്ന് എവര്‍ ബനേഗ നല്‍കിയ സുന്ദരന്‍ ത്രൂ ബോള്‍ അസാമാന്യ മികവോടെ ഓടിയെടുത്ത് മെസി വലയിലേക്ക് തൊടുത്തു. റഷ്യന്‍ ലോകകപ്പില്‍ 13 ഷോട്ടുകള്‍ പായിച്ച മെസിയുടെ ആദ്യ ഗോള്‍. ഒരു ഗോള്‍ നേടിയിട്ടും ആര്‍ജവം ഒട്ടം നഷ്ടപ്പെടുത്താതെ നെെജീരിയന്‍ ബോക്സിലേക്ക് മെസിയും കൂട്ടരും കുതിച്ചു.

ഇടയ്ക്കിടെ അഹമ്മദ് മൂസയുടെ നേതൃത്വത്തില്‍ ആദ്യ മത്സരം കളിക്കുന്ന ഫ്രാങ്കോ അര്‍മാനിയെ പരീക്ഷിക്കാന്‍ നെെജീരിയ എത്തിയെങ്കിലും നിക്കോളാസ് ഓട്ടമെന്‍ഡിയുടെ നേതൃത്വത്തില്‍ മികച്ച പ്രതിരോധമാണ് അര്‍ജന്‍റീന നടത്തിയത്. 27-ാം മിനിറ്റില്‍ മെസി നല്‍കിയ ത്രൂ ബോളുമായി കുതിച്ച ഗോണ്‍സാലോ ഹിഗ്വെയിന്‍ ഷോട്ട് എടുത്തെങ്കിലും നെെജീരിയന്‍ ഗോളി ഫ്രാന്‍സിസ് ഒസോ പിടിച്ചു നിന്നു. 32-ാം മിനിറ്റില്‍ അര്‍ജന്‍റീന രണ്ടാം ഗോളിന് അടുത്ത് വരെയെത്തി. പൊസിഷന്‍ നഷ്ടമായ ആഫ്രക്കന്‍ പ്രതിരോധ നിരയുടെ അമളി മനസിലാക്കി പന്തു മായി കുതിച്ച ഏയ്ഞ്ചല്‍ ഡി മരിയയെ ബോക്സിന് തൊട്ട് പുറത്ത് ലിയോണ്‍ ബലോഗണ്‍ വീഴ്ത്തി. ഇതിന് ലഭിച്ച ഫ്രീകിക്കില്‍ മെസിയുടെ കിടിലന്‍ ഷോട്ട് നെെജീരിയന്‍ ഗോളികീപ്പറെ കടന്നെങ്കിലും ഗോള്‍ ബാര്‍ വില്ലനായി. 

പെനാല്‍റ്റി ചതിച്ചപ്പോള്‍

രണ്ടാം പകുതിയുടെ തുടക്കത്തിലും കളം പിടിച്ചത് അര്‍ജന്‍റീനയാണ്. പക്ഷേ, അത് അധിക സമയത്തേക്ക് നീണ്ടില്ല. 50-ാം മിനിറ്റില്‍ ഹവിയര്‍ മഷറാനോ ഇടോബൗനെ വീഴ്ത്തിയതിന് പെനാല്‍റ്റിയാണ് പകരം നല്‍കേണ്ടി വന്നത്. അനായാസമായി വിക്ടര്‍ മോസസ് പന്ത് വലയിലാക്കുകയും ചെയ്തു. അത് വരെ ആത്മവിശ്വാസത്തോടെ കളിച്ച അര്‍ജന്‍റീന അല്‍പം തളര്‍ന്നു. ഇതോടെ അവസരം മുതലാക്കി ആഫ്രിക്കന്‍ പട കുതിച്ചു കയറി.

71-ാം മിനിറ്റില്‍ അര്‍മേനി ശരിക്കും പരീക്ഷിക്കപ്പെട്ടു. മൂസ ഒരുക്കി കൊടുത്ത പന്തില്‍ എന്‍ഡിഡി തൊടുത്ത കരുത്തന്‍ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. അപകടം മണത്ത അര്‍ജന്‍റീന വിജയ ഗോള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്താന്‍ തുടങ്ങി. സെര്‍ജിയോ അഗ്വേറോയെയും കൂടെ മുന്നേറ്റ നിരയില്‍ എത്തിച്ച് സാംപോളി നയം വ്യക്തമാക്കി. 

കളി മാറ്റിയ റോഹോ

81-ാം മിനിറ്റില്‍ മാര്‍ക്കസ് റോഹോ നല്‍കിയ പാസില്‍ ഹിഗ്വെയിന് സുവര്‍ണാവസരം ഒരുങ്ങിയെങ്കിലും ഗോള്‍ പോസ്റ്റിന് മുകളിലൂടെ താരം പറത്തിവിട്ടു. അവസാന നിമിഷങ്ങളിലേക്ക് കളി കടന്നതോടെ ആവേശം അതിരു കടന്നു. 86-ാം മിനിറ്റില്‍ അര്‍ജന്‍റീനയ്ക്ക് ജീവശ്വാസം നല്‍കിയ ഗോള്‍ പിറന്നു. വലതു വിംഗില്‍ നിന്ന് മെര്‍ക്കാഡോ തൊടുത്ത് വിട്ട ക്രോസ് മാര്‍ക്കസ് റോഹ മനോഹരമായി ഗോളിലേക്ക് തിരിച്ചു വിട്ടു.

നെെജീരിയക്കെതിരെ കഴിഞ്ഞ ലോകകപ്പിലും ഗോള്‍ നേടാന്‍ റോഹോയ്ക്ക് കഴിഞ്ഞിരുന്നു. ഒരു ഗോള്‍ മടക്കാന്‍ ആഫ്രിക്കന്‍ പട ഇരമ്പിയാര്‍ത്തെങ്കിലും ഒട്ടാമെന്‍ഡിയും കൂട്ടരും കുലുങ്ങിയില്ല. വിധി കുറിച്ചവരെ കാഴ്ചക്കാരാക്കി അര്‍ജന്‍റീനയുടെ വിജയം കുറിച്ച അവസാന വിസിലും മുഴങ്ങി. മെസി വീണ്ടും ചിരിക്കുന്നു... ഇനി പ്രീക്വാര്‍ട്ടറില്‍ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആവശ്യപ്പെട്ടിട്ടും രാജിവച്ചില്ല, ചൊവ്വന്നൂരില്‍ എസ്ഡിപിഐ പിന്തുണയില്‍ പഞ്ചായത്ത് പ്രസിഡന്‍റായ നിധീഷിനെ പുറത്താക്കി കോണ്‍ഗ്രസ്
'ബെം​ഗളൂരുവിലെ വൻകിട കൈയേറ്റക്കാർക്കെതിരെ ബുൾഡോസർ ഇറക്കാൻ കോൺ​ഗ്രസിന് ധൈര്യമുണ്ടോ'; ഇരകളെ സന്ദർശിച്ച് എ എ റഹീം എംപി