
തിരുവനന്തപുരം: നിപ വൈറസ് രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി. 1000 ത്തോളം പേർ നിരീക്ഷണത്തിലാണ്. ഭയപ്പെട്ടിട് കാര്യമില്ലെന്നും മുൻകരുതലും ജാഗ്രതയും തുടരുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, നിപ വൈറസ് വീണ്ടും പടരുന്ന സാഹചര്യത്തില്‍ ഡോക്ടർമാരോ ജീവനക്കാരോ വീഴ്ച വരുത്തിയിട്ടുണ്ടോയെന്ന് പിന്നീട് പരിശോധിക്കാമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഓസ്ട്രേലിയയിൽ നിന്നെത്തിക്കുന്ന മരുന്നുകൾ പ്രയോഗിക്കാൻ സഹായിക്കുന്നതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്‍റെ (ഐസിഎംആര്‍) വിദഗ്ധ സംഘം കേരളത്തിലെത്തും. ഉറവിടം കണ്ടെത്താനുള്ള പരിശോധന തുടരുന്നു.
വൈറസ് ബാധ ഗുരുതരമായതിന് ശേഷം മാത്രമേ പരിശോധനയിൽ തിരിച്ചറിയാൻ സാധിക്കുവെന്നത് വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. ബാലുശ്ശേരി ആശുപത്രിയിൽ സ്വീകരിച്ചത് കരുതൽ നടപടിയെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
നിപ സ്ഥിരീകരിച്ച് സംസ്ഥാനത്ത് ഇതുവരെയായി 17 പേരാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ട് പേർ ഇപ്പോഴും ചികിത്സയിലാണ്. ആകെ 12 പേർ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. രോഗികളുമായി അടുത്തിടപഴകിയിട്ടുള്ള 1450 ൽ അധികം പേരുടെ പട്ടികയാണ് ഇപ്പോൾ ആരോഗ്യ വകുപ്പ് തയ്യാറാക്കിയത്. ഇവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിപ ബാധിച്ച് മരിച്ചവരുമായി അടുത്തിടപഴകിയിട്ടുള്ള മുഴുവൻ ആളുകളോടും പൊതു ഇടങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam