
കോഴിക്കോട്: നിപ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ ആംബുലന്‍സ് ഡ്രൈവര്‍മാർക്ക് പ്രത്യേക പരിശീലനം നൽകി. ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ് ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ നിപ നിയന്ത്രണ വിധേയമാക്കുന്നതില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നും കൂടുതല്‍ ഡ്രൈവര്‍മാര്‍ ഇതിനായി സന്നദ്ധരാവണമെന്നും ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സേവനം കൂടുതലായി ആവശ്യമുണ്ട്. ജില്ലയില്‍ സ്‌പെഷ്യല്‍ ആംബുലന്‍സുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്ന ഡ്രൈവര്‍മാര്‍ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് എച്ച് വണ്‍ എന്‍ വണ്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.സി ജെ മൈക്കിള്‍ പ്രത്യേക പരിശീലന ക്ലാസ് നടത്തി.
സുരക്ഷാ ഉപകരണങ്ങളായ ഹെഡ് ഗിയര്‍, സര്‍ജികല്‍ മാസ്‌ക്, ഐ ഗോഗിള്‍സ്, കയ്യുറ, ഗൗണ്‍, കാലുറ എന്നിവ ശാസ്ത്രീയമായി ധരിക്കുന്നതും അഴിച്ചുമാറ്റുന്നതും ആംബുലന്‍സുകള്‍ വൃത്തിയാക്കുന്നതും എങ്ങിനെയെന്ന് വീഡിയോ ദൃശ്യങ്ങളിലൂടെ വിശദീകരിച്ചു. 24 മണിക്കൂറും സര്‍വീസ് നടത്തുന്ന സ്‌പെഷ്യല്‍ ആംബുലന്‍സുകളില്‍ പി പി ഇ(പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ കിറ്റ്), ഹാന്‍ഡ് സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ്, ബ്ലീച്ചിംഗ് പൗഡര്‍ തുടങ്ങിയവ സജ്ജമാക്കും.
കൂടാതെ സ്‌പെഷ്യല്‍ ഡ്രൈവര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള പ്രോട്ടോക്കോളും ആംബുലന്‍സുകളില്‍ പതിപ്പിക്കണമെന്ന് ഏഞ്ചല്‍സ് മെഡിക്കല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.അജില്‍ അബ്ദുള്ള പറഞ്ഞു. നിലവില്‍ സര്‍വീസ് നടത്തുന്ന ഡ്രൈവര്‍മാര്‍ക്കുള്ള വേതനം അപ്പപ്പോള്‍ തന്നെ നല്‍കുമെന്ന് കലക്ടര്‍ ഉറപ്പു നല്‍കി. യോഗത്തില്‍ ഏഞ്ചല്‍സ് അഡ്മിന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.പി.പി വേണു ഗോപാലന്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി .പി കൃഷ്ണന്‍ കുട്ടി, ഏഞ്ചല്‍സ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam