മന്ത്രിമാരോട് പൊട്ടിത്തെറിച്ച് ജനങ്ങള്‍; അനുനയവുമായി പ്രതിരോധമന്ത്രി

Published : Dec 04, 2017, 10:29 AM ISTUpdated : Oct 05, 2018, 03:33 AM IST
മന്ത്രിമാരോട് പൊട്ടിത്തെറിച്ച് ജനങ്ങള്‍; അനുനയവുമായി പ്രതിരോധമന്ത്രി

Synopsis

തിരുവനന്തപുരം: പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനൊപ്പം പൂന്തുറയിലെത്തിയ സംസ്ഥാന മന്ത്രിമാരായ കടകംപ്പള്ളി സുരേന്ദ്രന്‍, ജെ.മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ക്കെതിരെ ജനരോക്ഷം. മന്ത്രിമാര്‍ കടപ്പുറത്തേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. പ്രതിരോധമന്ത്രിക്കൊപ്പം ജനങ്ങളെ കാണാനെത്തിയ മന്ത്രിമാരെ കണ്ട് ജനങ്ങള്‍ ബഹളം വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതിരോധമന്ത്രി തന്നെ മൈക്ക് കൈയിലെടുത്ത് ജനങ്ങളെ അനുനയിപ്പിക്കാനിറങ്ങി. 

നിങ്ങളുടെ വേദന തങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്നും പ്രതിഷേധിക്കാന്‍ നില്‍ക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമാവുന്ന നിലപാടാവണം ജനങ്ങള്‍ സ്വീകരിക്കേണ്ടതെന്നും പറഞ്ഞ മന്ത്രി കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് ധൈര്യം നല്‍കാനും ആശ്വാസിപ്പിക്കാനുമാണ് ഈ സമയം എല്ലാവരും ശ്രമിക്കേണ്ടതെന്നും പ്രതിരോധമന്ത്രി പറഞ്ഞു. തമിഴില്‍ സംസാരിച്ച മന്ത്രിയെ കേള്‍ക്കാന്‍ ആദ്യം ജനങ്ങള്‍ തയ്യാറായില്ലെങ്കിലും അവരോട് ആവര്‍ത്തിച്ച് മന്ത്രി അഭ്യര്‍ത്ഥിച്ചതോടെ ജനങ്ങള്‍ ശാന്തരാവുകയായിരുന്നു. 

വ്യോമസേനയും നാവികസേനയും പുറംകടലില്‍ വ്യാപകമായി തിരച്ചില്‍ നടത്തുന്നുണ്ടെന്നും ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാനും അവരെ തിരിച്ചു കരയില്‍ എത്തിക്കാനും അവര്‍ക്ക് സാധിച്ചിട്ടുണ്ടെന്നും ഇപ്പോഴും അവര്‍ തിരച്ചില്‍ നടത്തി കൊണ്ടിരിക്കുകയാണെന്നും മന്ത്രി ജനങ്ങളെ അറിയിച്ചു. 

പ്രതിരോധമന്ത്രിയുടെ പ്രസംഗത്തില്‍ നിന്ന്....

ഇവിടെ മന്ത്രിമാരുമായും അച്ചന്‍മാരുമായും ഞാന്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ തന്നെ കൊച്ചി പുറംകടലില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും മലയാളികളായ മത്സ്യത്തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്തി. ഇപ്പോള്‍ എനിക്ക് അവസാനം ലഭിച്ച സന്ദേശം അനുസരിച്ച ഒരു മലയാളിയെ കൂടി സേന ജീവനോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 

നിങ്ങളുടെ മനസ്സിലുള്ള സങ്കടവും ദേഷ്യവുമെല്ലാം എനിക്ക് മനസ്സിലാവും. പക്ഷേ നിങ്ങളോട് ഞാന്‍ കൈകൂപ്പി പറയുകയാണ് ദയവായി നിങ്ങള്‍ ആരും ദേഷ്യപ്പെടുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യരുത്. ഞങ്ങള്‍ നിങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്ന് പറയരുത്. ഇപ്പോഴും ഈ നിമിഷവും ജാഗ്രതയോടെ പുറംകടലില്‍ നമ്മുടെ ആളുകള്‍ നിങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. 

ഇവിടെ ഉത്തരവാദിത്തപ്പെട്ട ഒരു സര്‍ക്കാരുണ്ട് അവര്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഞാനും ഡല്‍ഹിയില്‍ നിന്ന് വന്നിട്ടുണ്ട്. 30-ാം തീയതി രാത്രി മുതല്‍ വ്യാപകമായ രീതിയില്‍ തിരച്ചില്‍ നടക്കുന്നുണ്ട് അത് ഇനിയും ശക്തമായി തുടരും.നിങ്ങള്‍ നിര്‍ത്താന്‍ പറയും വരെ രക്ഷാപ്രവര്‍ത്തനം തുടരും.

30-ാം തീയതി രാത്രി മുതല്‍ എത്ര കപ്പല്‍ എവിടെയൊക്കെ തിരച്ചില്‍ നടത്തി, ഏതൊക്കെ പാതയിലൂടെ കപ്പലുകള്‍ പോയി, എത്ര പേരെ രക്ഷപ്പെടുത്തി, അത് ഏതൊക്കെ നാട്ടുകാരാണ് എന്നീ വിവരങ്ങളൊക്കെ എന്റെ കൈയിലുണ്ട് വേണമെങ്കില്‍ നിങ്ങളുടെ നമ്പര്‍ തരൂ ഞാന്‍ വാട്‌സാപ്പില്‍ അയച്ചു തരാം. 

ഇതുവരെ 405 പേരെ ഈ ആഞ്ഞടിക്കുന്ന കടലില്‍ നിന്നും ഞങ്ങള്‍ക്ക് രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. നിങ്ങളുടെ കൂട്ടത്തിലുള്ള 11 പേര്‍ ഇപ്പോള്‍ സേനകള്‍ക്കും കോസ്റ്റ് ഗാര്‍ഡിനുമൊപ്പം പുറംകടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. നിങ്ങള്‍ക്ക് കൊടുത്ത ഒരു വാക്കും ഞങ്ങള്‍ പാലിക്കാതെയിരുന്നിട്ടില്ല. നിങ്ങള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം ഞങ്ങള്‍ക്ക് മനസ്സിലാവും ദയവായി ശാന്തരാവുക നമ്മളെല്ലാം ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും സിപിഎമ്മും കോൺ​ഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുന്നു: അനിൽ ആന്റണി
നമ്മുടെ നേട്ടങ്ങൾ സഹായം നിഷേധിക്കാനുള്ള കാരണമാക്കുന്നു; കേന്ദ്ര മന്ത്രിക്ക് അക്കമിട്ട് നിരത്തി നിവേദനം നൽകിയതാണ്, പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി