
കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളെ ചേർത്തു പിടിച്ച് രക്ഷിച്ചവരിൽ പ്രധാനികൾ മത്സ്യത്തൊഴിലാളികളായിരുന്നു. ഞങ്ങളുടെ കൂടപ്പിറപ്പുകൾക്കൊരു ദുരിതം വന്നപ്പോൾ അവരെ രക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണെന്ന് പറഞ്ഞ് ഓടി വന്നവരാണവർ. കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചതു പോലെ കേരളത്തിന്റെ സ്വന്തം സൈന്യം.
എന്നാൽ കേരളത്തിലെ മത്സ്യത്തൊഴിലാളികൾ എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ അവരുടേതല്ല. ഒരു തോണി കഴയിൽ കെട്ടി ഇരുവശത്തു നിന്നും കുറച്ചധികം ആളുകൾ ചേർന്ന് ചുമന്ന് കരയിലേക്ക് കൊണ്ടുവരുന്ന ചിത്രം. സോഷ്യൽ മീഡിയ പരക്കെ ഏറ്റെടുത്ത ചിത്രമാണിത്. തോമസ് കേയൽ എന്ന വ്യക്തിയാണ് ഈ ഫോട്ടോയെക്കുറിച്ചും അതെടുത്ത നിർമല്യ ഭട്ടാചാര്യ എന്ന ഫോട്ടോഗ്രാഫറെക്കുറിച്ചും വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. 2014 ൽ ബംഗാൾ ഉൾക്കടലിലെ ദിഗ എന്ന കടൽത്തീരത്ത് നിന്നാണ് ഭട്ടാചാര്യ ഈ ഫോട്ടോ ക്യാമറയിലാക്കിയത്. ആ വർഷത്തെ സ്മിത്ത്സോണിയൻ മാഗസിൻ അവാർഡും ഈ ചിത്രത്തിന് ലഭിച്ചിരുന്നു.
അദ്ദേഹത്തിന്റെ ഫ്രം സീ റ്റു ലാന്റ് എന്ന ഈ ഫോട്ടോ 2014 ലെ അന്തർദ്ദേശീയ ഫോട്ടോ കോണ്ടസ്റ്റിൽ ഗോൾഡ് മെഡൽ നേടിയിരുന്നു. നിരവധി പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങൾ ഇദ്ദേഹത്തിന് സ്വന്തമായുണ്ട്. എന്നാൽ ഇദ്ദേഹം ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറല്ല. ഹൗറ സ്വദേശിയാണ് നിർമല്യ ഭട്ടാചാര്യ. ഫോട്ടോഗ്രാഫിയോടുളള ഇഷ്ടം കൊണ്ടാണ് ഇദ്ദേഹം കാഴ്ചകളെ ഫ്രെയിമിലാക്കുന്നത്. അനുവാദമില്ലാതെ തന്റെ ചിത്രമെടുത്തത് തനിക്ക് ലഭിച്ച് ആദരമെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. ഒരു സംസ്ഥാനത്തിന് മുഴുവൻ തന്റെ ചിത്രം പ്രചോദനമാകുന്നത് അദ്ദേഹത്തെ സന്തോഷിപ്പിക്കുന്നതേയുള്ളൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam