റോഡ് മോശമായാൽ കരാറുകാരന്റെ പുറത്ത് ബുൾഡോസര്‍ കയറ്റും; നിതിൻ ഗഡ്കരി

By Web TeamFirst Published Dec 7, 2018, 4:05 PM IST
Highlights

രാജ്യത്തിന്റെ സമ്പത്താണ് റോഡുകൾ,അതിന്റെ ​ഗുണമേന്മയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ല-ഗഡ്കരി പറഞ്ഞു. 

മുംബൈ: റോഡുകളാണ് രാജ്യത്തിന്റെ സമ്പത്തെന്നും അവയുടെ ​ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും കേന്ദ്ര ​ഗതാ​ഗത മന്ത്രി നിതിൻ ​ഗഡ്കരി. മോശമായി പണിഞ്ഞിരിക്കുന്ന റേ‍ാഡുകൾ കണ്ടാൽ കരാറുകാരന്റെ പുറത്തുകൂടെ ബുൾഡോസര്‍ കയറ്റുമെന്നും ഗഡ്കരി പറഞ്ഞു. തുഹിൻ എ സിൻഹയുടെ 'ഇന്ത്യ ഇൻസ്പെയേഴ്സ്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെ പത്ത് ലക്ഷം കോടിയുടെ പ്രവൃത്തിക്കാണ് കരാർ നൽകിയത്. ഒരു കാര്യം അഭിമാനത്തോടെ തന്നെ പറയും. ഒരു കരാറുകാരനും പ്രവൃത്തിക്കുള്ള കരാർ ചോദിച്ച് ദില്ലിയിലുള്ള എന്റെ ഓഫീസിലേക്ക് വരേണ്ടിവന്നിട്ടില്ല. മോശാവസ്ഥയിൽ പണിഞ്ഞിരിക്കുന്ന റോഡുകൾ കണ്ടാൽ പുറത്ത് ബുൾഡോസർ കയറ്റുമെന്ന്  
വലിയ കരാറുകാരോട് ഞാൻ പറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ സമ്പത്താണ് റോഡുകൾ,അതിന്റെ ​ഗുണമേന്മയുടെ കാര്യത്തിൽ ഒരു വിട്ടിവീഴ്ചയും ഇല്ല-ഗഡ്കരി പറഞ്ഞു. 

ഇന്ത്യ ഇൻസ്പെയേഴ്സ് എന്ന പുസ്തകത്തിൽ ഗഡ്കരി മുൻകൈയെടുത്ത് നടപ്പാക്കിയ നിർമ്മാണ പ്രവർത്തനങ്ങളെ പറ്റിയാണ് പ്രതിപാദിച്ചിരിക്കുന്നത്. വെനീസ് വിമാനത്താവളത്തിന്റെ മാതൃകയിൽ നവി മുംബൈ രാജ്യാന്തര വിമാനത്താവളത്തെ ജലപാതയുമായി ബന്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ജലപാതയിലൂടെ 20 മിനിറ്റുകൊണ്ട് യാത്രക്കാർക്ക് വിമാനത്താവളത്തിലെത്തിച്ചേരാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
 
എന്നാൽ പരിസ്ഥിതി പ്രവർത്തകർ പൊതുതാൽപര്യ ഹർജികളുമായി പദ്ധതികൾക്ക് തടസം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. നിലവിൽ നൂറോളം പരാതികളാണ് തന്റെ പദ്ധതികൾക്കെതിരെ കോടതിയിൽ ഉള്ളതെന്നും പരിസ്ഥിതിയെ സം​രക്ഷിച്ചു കൊണ്ട് തന്നെ പദ്ധതികൾ നടപ്പിലാക്കാനുള്ള സാധ്യതകൾ ഉണ്ടെന്നും എന്നാൽ പരാതികൾ കാരണം പദ്ധതികൾ വൈകുകയാണെന്നും ഗഡ്കരി വ്യക്തമാക്കി.
 

click me!