പ്രധാനമന്ത്രിയെ കൊല്ലത്തെത്തിക്കാൻ ഇടപെട്ടത് സുരേഷ് ഗോപിയും കെ സുരേന്ദ്രനുമെന്ന് എൻകെ പ്രേമചന്ദ്രൻ

By Web TeamFirst Published Jan 15, 2019, 12:21 PM IST
Highlights

പ്രധാനമന്ത്രിയെക്കൊണ്ട് കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്യിക്കാൻ സുരേഷ് ഗോപി എംപി ശക്തമായി ഇടപെട്ടു. കെ.സുരേന്ദ്രൻ കൊല്ലത്തുവന്ന് വാർത്താസമ്മേളനം നടത്തി ഇക്കാര്യം പ്രഖ്യാപിച്ചു. ബിജെപിയുടെ രാഷ്ട്രീയ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട്.

തിരുവനന്തപുരം:  കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേരളത്തിൽ എത്തിയത് ബിജെപിയുടെ രാഷ്ട്രീയ ഇടപെടൽ കൊണ്ടാണെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവർ ചർച്ചയിലാണ് ബിജെപി നേതാക്കളുടെ ഇടപെടൽ അംഗീകരിച്ചുകൊണ്ടുള്ള എൻ കെ പ്രേമചന്ദ്രന്‍റെ പ്രതികരണം. കേന്ദ്ര കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയെ ഉദ്ഘാടനത്തിനായി എത്തിക്കാൻ താൻ ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് സംസ്ഥാന സർക്കാർ മുഖ്യമന്ത്രിയെ ഉദ്ഘാടനകനായി നിശ്ചയിച്ചത്. ഗഡ്കരിയുടെ സമയം കിട്ടാത്തതുകൊണ്ടാണ് മുഖ്യമന്ത്രിയെ ഉദ്ഘാടനകനായി നിശ്ചയിച്ചത് എന്ന സംസ്ഥാന സർക്കാരിന്റെയ വാദം തെറ്റാണെന്നും എൻ കെ പ്രേമചന്ദ്രൻ ന്യൂസ് അവറിൽ പറഞ്ഞു.

ജനുവരിയിൽ ഉദ്ഘാടനത്തിന് തീയതി നൽകാമെന്ന് നിധിൻ ഗഡ്കരിയുടെ ഓഫീസിൽ നിന്നും തനിക്ക് ഉറപ്പ് കിട്ടിയിരുന്നതാണ്. ഫെബ്രുവരി രണ്ടിന് ഉദ്ഘാടനം നിശ്ചയിച്ചത് കേന്ദ്രമന്ത്രാലയം അറിഞ്ഞിട്ടില്ല. ബൈപാസിന്‍റെ ഉദ്ഘാടനം നീണ്ടുപോകുന്ന ഈ ഘട്ടത്തിലാണ് ബിജെപിയുടെ രാഷ്ട്രീയ ഇടപെടലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

താൻ മാത്രമല്ല കൊല്ലത്തുനിന്നുള്ള പാർലമെന്‍റംഗം. പ്രധാനമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാൻ സുരേഷ് ഗോപി എംപി ശക്തമായി ഇടപെട്ടു. കെ സുരേന്ദ്രൻ കൊല്ലത്തു വന്ന് വാർത്താസമ്മേളനം നടത്തി ഇക്കാര്യം പ്രഖ്യാപിച്ചു. ബിജെപിയുടെ രാഷ്ട്രീയ ഇടപെടൽ ഉണ്ടായി എന്നുള്ളത് തനിക്ക് നല്ലതുപോലെ അറിയാവുന്ന കാര്യമാണ്. അത് അവർ തന്നെ പറഞ്ഞിട്ടുള്ളതുമാണെന്ന് പ്രേമചന്ദ്രൻ എംപി പറഞ്ഞു. ബിജെപി രാഷ്ട്രീയമായി ഒരു തീരുമാനമെടുത്ത് പ്രധാനമന്ത്രിയെ കൊണ്ടുവന്നതിന്‍റെ ഉത്തരവാദിത്തം തന്‍റെ ചുമലിൽ എങ്ങനെയാണ് വരുന്നതെന്നും അദ്ദേഹം ചോദിച്ചു.
"

click me!