അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസ്; സുരേഷ് നായര്‍ക്ക് നാടുമായി ബന്ധമില്ലെന്ന് വെളിപ്പെടുത്തല്‍

By Web TeamFirst Published Nov 25, 2018, 9:21 PM IST
Highlights

2007 ഒക്ടോബര്‍ 11ന് റംസാന്‍ മാസത്തില്‍ നോമ്പുതുറ സമയത്ത് അജ്‌മീര്‍ ദര്‍ഗയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2010 ഒക്ടോബറില്‍ എടിഎസ് കുറ്റപത്രം സമര്‍പ്പിച്ച കേസ് 2011 ലാണ് എന്‍ഐഎ ഏറ്റെടുത്തത്. 

ബറൂച്ച്: 2007 ൽ രാജസ്ഥാനിലെ അജ്മീർ ദര്‍ഗയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മലയാളി, സുരേഷ് നായര്‍ വര്‍ഷങ്ങളായി നാട്ടില്‍ വരാറില്ലെന്ന് അമ്മയുടെ സഹോദരി. സുരേഷുമായോ കുടുംബവുമായോ കുറേക്കാലമായി യാതൊരു ബന്ധവുമില്ലെന്നും രാധ പറഞ്ഞു. സ്ഫോടനത്തിനായി സമഗ്രികൾ ഇയാള്‍ എത്തിച്ചിരുന്നുവെന്ന് ഗുജറാത്ത് എടിഎസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷിനെ ബറൂച്ചില്‍ വച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്.  സുരേഷ് നായരെ കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് എന്‍ഐഎ രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 

2007 ഒക്ടോബര്‍ 11ന് റംസാന്‍ മാസത്തില്‍ നോമ്പുതുറ സമയത്ത് അജ്‌മീര്‍ ദര്‍ഗയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2010 ഒക്ടോബറില്‍ എടിഎസ് കുറ്റപത്രം സമര്‍പ്പിച്ച കേസ് 2011 ലാണ് എന്‍ഐഎ ഏറ്റെടുത്തത്.  സ്ഫോടനത്തിന് പിന്നിലെ ഗൂഢാലോചനയില്‍ ആര്‍എസ്എസ് നേതാവ് അസീമാനന്ദ് പങ്കാളിയാണെന്ന് നേരത്തേ എന്‍ഐഎ കണ്ടെത്തിയിരുന്നു. ആര്‍എസ്എസ് നേതാക്കളായ അസീമാനന്ദും സുനില്‍ ജോഷിയുമാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നും തന്നെക്കൊണ്ട് ചെയ്യിച്ചതാണെന്നും കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രധാന പ്രതികളിലൊരാളായ ദേവേന്ദ്ര ഗുപ്ത എന്‍ഐഎയ്ക്ക് മൊഴി നല്‍കിയിരുന്നു. എന്നാല്‍ കൃത്യമായി തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടതായി കാണിച്ച് അസീമാനന്ദിനെ പ്രത്യേക എന്‍ഐഎ കോടതി വെറുതെ വിടുകയായിരുന്നു. കേസില്‍ ഒളിവിലായിരുന്ന മൂന്ന് പേരില്‍ ഒരാളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. സന്ദീപ് ഡാങ്കെ, രാമചന്ദ്ര എന്നിവരാണ് മറ്റ് രണ്ട് പേര്‍. 

click me!