
എരുമേലി: 'തന്ത്രികൾ പടിയിറങ്ങുക', 'ശബരിമല ആദിവാസികൾക്ക്', 'ലിംഗസമത്വം ഉറപ്പാക്കാൻ ഭരണഘടന ഉയർത്തിപ്പിടിക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതിയുടെ നേതൃത്വത്തില്‍ വില്ലുവണ്ടി യാത്ര നടത്തുന്നു.
ഡിസംബർ 16 നു എരുമേലിയിൽ കൺവെൻഷനും കേരളത്തിന്റെ വിവിധ നവോത്ഥാന കേന്ദ്രങ്ങളിൽ നിന്ന് എരുമേലിയിലേക്ക് വില്ലുവണ്ടി യാത്രയും സാംസ്കാരിക കലാജാഥയുമാണ് നടത്തുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രാചീനകാലം മുതൽ ശബരിമലയുടെ ഗോത്രാചാര അനുഷ്ഠാനങ്ങൾ കൈകാര്യം ചെയ്തിരുന്ന ശബരിമല ഉൾപ്പടെയുള്ള പതിനെട്ടു മലകളുടെയും യഥാർത്ഥ ഉടമകളായിരുന്ന മലഅരയരെയും ഊരാളി, മലപണ്ടാരം എന്നീ ആദിവാസി ജനങ്ങളെയും തന്ത്രങ്ങളും അധികാരവും ഉപയോഗിച്ച് താന്ത്രിസമൂഹവും സവർണ്ണ ജനങ്ങളും മറ്റ് അധികാര വർഗ്ഗങ്ങളും മാറ്റി നിർത്തുകയായിരുന്നുവെന്ന് സംഘാടകര്‍ പറഞ്ഞു.
മാതൃത്വത്തിന്റെയും മാനവരാശിയുടെയും നിലനിൽപ്പിനു ആധാരമായ ആർത്തവം അശുദ്ധമാണെന്ന് പ്രചരിപ്പിച്ച് സവർണ്ണ വർഗ്ഗീയത ശക്തിപ്പെടുത്താനുള്ള ബ്രാഹ്മണ്യ ശക്തികളുടെ നീക്കം ശബരിമലയെ സംഘർഷ ഭൂമി ആക്കിയിരിക്കുകയാണ്. ശബരിമലയിൽ എത്തുന്ന സ്ത്രീകളെയും അവരെ പിന്തുണക്കുന്നവരെയും ജനിച്ച മണ്ണിൽ നിന്ന് തുരത്തുന്ന തരത്തിൽ ഈ സംഘർഷം വളർത്തുകയാണ്. സ്ത്രീകൾക്കും, ആദിവാസി, ദലിത് പാർശ്വവത്കൃതർക്കുമേൽ സമഗ്രാധിപത്യം സ്ഥാപിച്ചെടുക്കാനുള്ള ജാതിവാദികളുടെ താല്പര്യമാണ് ഇതിനു പിന്നിലുള്ളതെന്നും സംഘാടകര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam