അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട്: അഴിമതിയില്ലെന്ന് ഇറ്റാലിയന്‍ കോടതി

By Web TeamFirst Published Sep 24, 2018, 8:16 PM IST
Highlights

322 പേജുള്ള വിധിന്യായമാണ് കോടതി പ്രസിദ്ധീകരിച്ചത്. വിധി പ്രഖ്യാപിച്ച് 90 ദിവസത്തിനുള്ളില്‍ പുറത്തുവരേണ്ട വിശദമായ വിധിന്യായമാണ് എട്ടുമാസത്തിനും പത്തു ദിവസത്തിനും ശേഷം പുറത്തുവരുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു

ദില്ലി: വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ അഴിമതിയില്ലെന്ന് വിധിച്ച് ഇറ്റാലിയന്‍ കോടതി വിധി. കമ്പനി മേധാവികളെ നിരപരാധികളായി പ്രഖ്യാപിച്ച വിധി വിശദീകരിച്ച് ഇറ്റാലിയന്‍ അപ്പീല്‍ കോടതി വിധി പകര്‍പ്പ് പുറത്തിറക്കി. ഇടപാടില്‍ അഴിമതി നടന്നതായോ പണം കൈമാറിയതായോ തെളിവില്ലെന്നു കോടതി പറയുന്നു. ജനുവരി എട്ടിന് പുറപ്പെടുവിച്ച വിധിയുടെ വിശദീകരണമാണ് ഇറ്റാലിയന്‍ കോടതി പുറത്തുവിട്ടത്.

322 പേജുള്ള വിധിന്യായമാണ് കോടതി പ്രസിദ്ധീകരിച്ചത്. വിധി പ്രഖ്യാപിച്ച് 90 ദിവസത്തിനുള്ളില്‍ പുറത്തുവരേണ്ട വിശദമായ വിധിന്യായമാണ് എട്ടുമാസത്തിനും പത്തു ദിവസത്തിനും ശേഷം പുറത്തുവരുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോഴത്തെ കോടതി വിധിയിലൂടെ കേസ് അവസാനിക്കാനാണ് സാധ്യതയെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇപ്പോഴത്തെ വിധിയെ ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിക്കാനുളള സാധ്യത കുറവാണ്.

വിവിഐപി ആവശ്യങ്ങള്‍ക്കുവേണ്ടി 3600 കോടി രൂപ (56 കോടി യൂറോ) മുടക്കില്‍ 12 അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ 2010 ലാണ് ഇന്ത്യ കരാര്‍ ഉണ്ടാക്കിയത്. ഈ കരാര്‍ നേടിയതു കൈക്കൂലി നല്കിയാണെന്ന ആരോപണം മാധ്യമങ്ങളില്‍ വന്നതിനെത്തുടര്‍ന്ന് ഇന്ത്യയിലും ഇറ്റലിയിലും അന്വേഷണങ്ങള്‍ നടന്നു.

ഇറ്റലിയില്‍ പ്രാരംഭ അന്വേഷണത്തിനുശേഷം ഹെലികോപ്റ്റര്‍ നിര്‍മിക്കുന്ന ഫിന്‍മെക്കാനിക്ക എന്ന സ്ഥാപനത്തിന്റെ മേധാവികളെ അറസ്റ്റ് ചെയ്തു. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ കമ്പനിയാണു ഫിന്‍മെക്കാനിക്ക. കരാര്‍ ഉണ്ടാക്കുമ്പോള്‍ ആ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ആയിരുന്ന ജ്യുസപ്പേ ഓര്‍സി, ഹെലികോപ്റ്റര്‍ വിഭാഗം മേധാവി ആയിരുന്ന ബ്രൂണോ സ്പഞ്ഞോളിനി എന്നിവരാണ് അറസ്റ്റിലായത്.

2016 ആദ്യം ഇവരെ നാലരവര്‍ഷം തടവിനു മിലാനിലെ കോടതി ശിക്ഷിച്ചു. ഇറ്റാലിയന്‍ സുപ്രീംകോടതി ആ ഡിസംബറില്‍ കേസില്‍ പുനര്‍വിചാരണ ഉത്തരവിട്ടു. അതിന്‍റെ ഫലമായി അപ്പീല്‍ കോടതി വിചാരണ നടത്തി തെളിവുകള്‍ ഇല്ലെന്നു കണ്ടെത്തി ഓര്‍സിയെയും സ്പഞ്ഞോളിനിയെയും വിട്ടയച്ചു.
ഫിന്‍മെക്കാനിക്ക പിന്നീടു ലെയണാര്‍ഡോ എന്നാക്കി പേരുമാറ്റി. 

ബ്രിട്ടീഷ് കന്പനിയായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിനെ ഫിന്‍മെക്കാനിക്ക കുറേ വര്‍ഷം മുന്‍പ് ഏറ്റെടുത്തതാണ്. ബ്രിട്ടീഷ് ഉപകമ്പനി നിര്‍മിക്കുന്ന മൂന്ന് എന്‍ജിനുകള്‍ ഉള്ള എഡബ്ല്യു101 ഇനം ഹെലികോപ്റ്ററാണ് ഇന്ത്യന്‍ വ്യോമസേന വാങ്ങാന്‍ കരാര്‍ ഉണ്ടാക്കിയത്. കരാറിനെപ്പറ്റി ഉയര്‍ന്ന ആരോപണങ്ങളെത്തുടര്‍ന്ന് അന്നത്തെ വ്യോമസേനാ മേധാവി എസ്.പി. ത്യാഗി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

ഇടപാട് തങ്ങള്‍ക്കു ലഭിക്കാനായി ഫിന്‍ മെക്കാനിക്ക ഇന്ത്യയില്‍ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി 423 കോടി രൂപ കൈക്കൂലി നല്കി എന്നായിരുന്നു മാധ്യമങ്ങളിലെ ആരോപണം. ടുണീഷ്യയിലുള്ള രണ്ടു കമ്പനികള്‍ വഴിയാണു പണം കൈമാറിയതെന്നും ദുബായില്‍ പ്രവര്‍ത്തിക്കുന്ന രാജീവ് സക്‌സേനയാണ് ഇടനിലക്കാരന്‍ എന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡല്‍ഹി സ്‌പെഷല്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. സക്‌സേനയുടെ ഭാര്യ ശിവാനി അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും പിന്നീടു ജാമ്യത്തിലിറങ്ങി. സക്‌സേനയെ പിടികൂടാനായിട്ടില്ല.

എയര്‍ ചീഫ് മാര്‍ഷല്‍ ആയിരുന്ന എസ്. പി. ത്യാഗി, അദ്ദേഹത്തിന്റെ ബന്ധു സഞ്ജീവ് ത്യാഗി, അഭിഭാഷകന്‍ ഗൗതം ഖേതാന്‍ എന്നിവരെയും ഈ കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. ഇറ്റലിയില്‍ കേസ് ചാര്‍ജ് ചെയ്തതിനെത്തുടര്‍ന്ന് 2014 ജനുവരിയില്‍ ഇന്ത്യ ഹെലികോപ്റ്റര്‍ ഇടപാട് റദ്ദാക്കിയിരുന്നു.

click me!