ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് കേന്ദ്രം അവസരമൊരുക്കിയില്ലെന്ന് ആരോപണം

By Web DeskFirst Published Nov 27, 2017, 11:59 AM IST
Highlights

ദില്ലി: പോപ്പിന്റെ സന്ദര്‍ശനത്തിന് അവസരമൊരുക്കാതെ കേന്ദ്രം. വത്തിക്കാന്‍ സ്ഥാനപതിയും കത്തോലിക്കാ സഭയുടെ പരാമധ്യക്ഷനുമായ ഫ്രാന്‍സിസ് മാര്‍പാപ്പായ്ക്ക് ഇന്ത്യയില്‍ സന്ദര്‍ശനമൊരുക്കാന്‍ അവസരം ഒരുക്കാതെ കേന്ദ്രത്തിന്റെ നിലപാട്. മാര്‍പാപ്പായുടെ ഏഷ്യ സന്ദര്‍ശനം ആരംഭിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലെ കത്തോലിക്കാ സഭാ നേതൃത്വം കേന്ദ്രത്തിന്റെ നിലപാടിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്. 

രോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രശ്നം രൂക്ഷമായ മ്യാന്‍മറിലും ബംഗ്ലാദേശിലും മാര്‍പാപ്പ സന്ദര്‍ശനം നടത്തും എന്നാല്‍ നിരന്തരമായി കേന്ദ്ര നേതാക്കളുമായി ബന്ധപ്പെട്ടെങ്കിലും അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെന്നാണ് ഇന്ത്യന്‍ കത്തോലിക്കാ സഭാ നേതൃത്വം വിശദമാക്കുന്നത്. പോപ്പിന്റെ ഏഷ്യന്‍ സന്ദര്‍ശനത്തെക്കുറിച്ച് ഓഗസ്റ്റിലാണ് പ്രഖ്യാപനമുണ്ടായത്. മനുഷ്യാവകാശപ്രശ്നങ്ങളില്‍ ശ്രദ്ധേയമായ നിലപാട് സ്വീകരിച്ചിട്ടുള്ളയാളാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. 

പോപ്പിന്റെ സന്ദര്‍ശനം ഭാരതത്തിലെ കത്തോലിക്കര്‍ക്ക് മാത്രമല്ല അഭിമാനം നല്‍കുന്നത് രാജ്യത്തിന് മുഴുവനുമാണെന്നും എന്നാല്‍ അത്തരമൊരു അവസരം സൃഷ്ടിക്കാനാവാതെ പോയത് രാജ്യത്തിന് മൊത്തത്തില്‍ നാണക്കേട് ഉണ്ടാക്കുന്നതാണെന്നും സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് തിയഡോര്‍ മസ്കരാനസ് അഭിപ്രായപ്പെട്ടു. ഇന്ത്യയേക്കാള്‍ ചെറിയ രാജ്യമായ ബംഗ്ലാദേശിലും മ്യാന്‍മറിലും ഫ്രാന്‍സിസ് മാര്‍പാപ്പ എത്തുമ്പോള്‍ ഇന്ത്യയിലെത്താത്തതില്‍ ഇന്ത്യക്കാരനെന്ന നിലയില്‍ നിരാശയുണ്ടെന്നും തിയഡോര്‍ മസ്കരാനസ് വ്യക്തമാക്കി. 2015ലാണ് ഇതിന് മുമ്പ് മാര്‍പാപ്പ ഏഷ്യന്‍ സന്ദര്‍ശനം നടത്തിയത്. ഇന്ത്യന്‍ വംശജനായ പുരോഹിതന്റെ സ്ഥാനാരോഹണ ചടങ്ങിന് ശ്രീലങ്കയിലേക്കായിരുന്നു അത്. 

മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ സാധാരണ നിലയില്‍ ഒരു വര്‍ഷം മുന്‍പാണ് ആരംഭിക്കുന്നത്. തെക്കനേഷ്യന്‍ സന്ദര്‍ശനം പ്രഖ്യാപിച്ച 2016 ഒക്ടോബര്‍ മുതല്‍ മാര്‍പാപ്പയെ ഇന്ത്യയിലേയ്ക്ക് ക്ഷണിക്കണമെന്ന് കേന്ദ്രത്തോട് ഇന്ത്യയിലെ കത്തോലിക്കാ സമൂഹം ആവശ്യപ്പെട്ടിരുന്നു. വത്തിക്കാന്റെ സ്ഥാനപതിയെ രാജ്യത്തേയ്ക്ക് ക്ഷണിക്കേണ്ടത് ഇന്ത്യയുടെ പ്രധാന മന്ത്രിയോ പ്രസിഡന്റോ ആണ്. എന്നാല്‍ അത്തരത്തില്‍ അനുകൂലമായ നിലപാട് ഇന്ത്യ സ്വീകരിച്ചില്ലെന്നാണ് കത്തോലിക്കാ സഭ വിശദമാക്കുന്നത്. നിരവധി തവണ വിഷയവുമായി ബന്ധപ്പെട്ട് പ്രധാന മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നെന്നും എന്നാല്‍ ഉറപ്പൊന്നും ലഭിച്ചില്ലെന്ന് കത്തോലിക്കാ സഭ പറയുന്നു. 
  

click me!