ശബരിമല: സര്‍ക്കാരുമായി ഇനി ചർച്ചയ്ക്കില്ലെന്ന് എൻഎസ്എസ്

By Web TeamFirst Published Feb 21, 2019, 12:27 PM IST
Highlights

വിശ്വാസ വിഷയത്തിൽ സര്‍ക്കാരുമായി ഇനി ചർച്ചയ്ക്കില്ലെന്ന് ജി സുകുമാരൻ നായർ. സുപ്രീംകോടതി വിധി എന്തായാലും നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും നിലപാട് തിരുത്തേണ്ടത് സർക്കാരെന്നും സുകുമാരൻ നായർ.

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാരുമായി ഇനി ചർച്ചയ്ക്കില്ലെന്ന് എൻഎസ്എസ്. വെടിനിർത്തലിനുള്ള കോടിയേരിയുടെ നിർദ്ദേശം എൻഎസ്എസ് തള്ളി. വിശ്വാസ വിഷയത്തിൽ ഇടതുമുന്നണിയുമായി ഒരു ചർച്ചയുമില്ലെന്ന് സംഘടനാ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി. 

ഇടുമുന്നണിയുടെ കേരള സംരക്ഷണയാത്ര തുടങ്ങിയത് മുതൽ എൻഎസ്എസിനോടുള്ള എതിർപ്പ് മയപ്പെടുത്തിയായിരുന്നു ഇടതു നേതാക്കളുടെ പ്രസ്താവനകൾ. ഏറ്റവും ഒടുവിൽ അങ്ങോട്ട് പോയി ചർച്ച നടത്താൻ പോലും മടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. എന്നാൽ ഇനി ഒരു ച‍ർച്ചയുമില്ലെന്ന് തുറന്നടിക്കുകയാണെന്ന് എൻഎസ് എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി. 

ചര്‍ച്ചയ്ക്ക് ആരേയും ചുമതലപ്പെടുത്തിയിട്ടുമില്ല. ശബരില യുവതീപ്രവേശത്തിൽ പലതവണ സംസാരിച്ചപ്പോഴും അനുകൂല സമീപനമായിരുന്നില്ല. അതുകൊണ്ട് കോടതിവിധി എന്തായാലും സർക്കാരിന് എതിരായ നിലപാടിൽ മാറ്റമില്ലെന്നും ജി സുകുമാരൻ നായർ പ്രസ്താവനയിൽ  പറഞ്ഞു. പ്രസ്താവനയേക്കുറിച്ച് പഠിച്ച ശേഷം പറയാമെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. സിപിഎമ്മിന്‍റെ  നിലപാടുമാറ്റത്തെ പരിഹസിച്ച് കോൺഗ്രസും രംഗത്ത് എത്തി.

click me!