
ദില്ലി: അനുമതിയില്ലാതെ ആർക്കും സ്ത്രീകളെ സ്പർശിക്കാനാവില്ലെന്ന് ദില്ലി ഹൈക്കോടതി. സ്ത്രീകളെ പുരുഷൻമാർ ലൈംഗികതാൽപര്യത്തിനായി ഇരയാക്കുന്ന പ്രവണത തുടരുന്നത് ദൗർഭാഗ്യകരം എന്നും കോടതി വിശേഷിപ്പിച്ചു. ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഢിപ്പിച്ച കേസിൽ റാം എന്നയാൾക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണങ്ങൾ.
2014 സെപ്റ്റംബർ 25ന് ഉത്തര ദില്ലിയിലെ മുഖർജി മാർക്കറ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ ചവി റാം പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയെ മാർക്കറ്റിലെ തിരക്കിനിടയിൽ അനുചിതമായ രീതിയിൽ പിടിക്കുകയായിരുന്നു. സ്ത്രീയുടെ ശരീരം അവളുടെ സ്വന്തമാണെന്നും അതിൽ അവൾക്ക് മാത്രമാണ് അവകാശമെന്നും പറഞ്ഞ കോടതി മറ്റുള്ളവർ അതിൽ അനുമതിയില്ലാതെ എന്ത് ആവശ്യത്തിന് സ്പർശിക്കുന്നതും നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി.
സ്ത്രീയുടെ സ്വകാര്യതക്കുള്ള അവകാശം പുരുഷൻമാർക്ക് അംഗീകരിക്കാതിരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. നിസഹായരായ പെൺകുട്ടികൾക്ക് മേൽ ലൈംഗീക സംതൃപ്തിക്ക് ശ്രമിക്കുന്ന പുരുഷൻമാർ ഇക്കാര്യത്തെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാറില്ലെന്നും കോടതി കുറ്റപ്പെടുത്തി. ഇത്തരം നടപടിയിലൂടെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സ്വകാര്യതാ അവകാശമാണ് ഇല്ലാതാക്കുന്നത്.
ശിക്ഷക്ക് വിധിച്ച റാമിനെ ലൈംഗിക അതിക്രമകാരി എന്ന് വിശേഷിപ്പിച്ച കോടതി അയാൾ ഒരു ദാക്ഷിണ്യവും അർഹിക്കുന്നില്ലെന്നും വ്യക്തമാക്കി. നാല് വർഷത്തെ കഠിന തടവിന് പുറമെ പതിനായിരം രൂപ പിഴ ചുമത്തിയ കോടതി ഇതിൽ പകുതി പെൺകുട്ടിക്ക് നൽകാൻ ഉത്തരവിട്ടു. ഇതിന് പുറമെ ദില്ലി സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയോടു അര ലക്ഷം രൂപ പെൺകുട്ടിക്ക് നൽകാനും കോടതി നിർദേശിച്ചു. അതിവേഗം പുരോഗമിക്കുന്ന, സാങ്കേതികമായ ശക്തമായ ഇന്ത്യ പോലുള്ള രാജ്യത്ത് കുട്ടികൾ ഉൾപ്പെടെയുള്ള സ്ത്രീകൾ മാർക്കറ്റ്, ബസ്, മെട്രോ, തിയറ്റർ പോലുള്ള പൊതുസ്ഥലങ്ങളിൽ തുടർച്ചയായി ലൈംഗീക പീഢനത്തിന് ഇരയാകുന്നത് നിർഭാഗ്യകരമാണെന്നും കോടതി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam