അറ്റകുറ്റപ്പണികള്‍ നടത്തിയില്ല; കനാല്‍ അക്വഡേറ്റ് പാലങ്ങള്‍ ചോര്‍ന്നൊലിക്കുന്നു

web desk |  
Published : Mar 03, 2018, 05:31 PM ISTUpdated : Jun 08, 2018, 05:44 PM IST
അറ്റകുറ്റപ്പണികള്‍ നടത്തിയില്ല; കനാല്‍ അക്വഡേറ്റ് പാലങ്ങള്‍ ചോര്‍ന്നൊലിക്കുന്നു

Synopsis

മുപ്പത്തഞ്ച് വര്‍ഷത്തോളം പഴക്കമുള്ള അക്വഡേറ്റ് പാലത്തില്‍ ഇതുവരെയായും അറ്റകുറ്റപണികള്‍ നടത്തിയിട്ടില്ല.  

ആലപ്പുഴ: യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ കനാല്‍ അക്വഡേറ്റ് പാലങ്ങള്‍ ചോര്‍ന്നൊലിക്കുന്നു. ചോര്‍ച്ച പരിഹരിക്കാന്‍ നടപടിയുണ്ടാകണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കം. കല്ലട ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ചാരുംമൂട് ആദി കാട്ടുകുളങ്ങര, രിഫായി മുള്ളംകുറ്റി, തലക്കോട് കരിമാന്‍കാവ് അക്വഡേറ്റ് പാലങ്ങളാണ് വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതു മൂലം ചോര്‍ന്നൊലിക്കുന്നത്. ചോര്‍ച്ചമൂലം വെള്ളം നിറഞ്ഞ് പാലത്തിന് താഴ്ഭാഗത്ത് കൂടി കടന്നു പോകുന്ന റോഡുകള്‍ തകര്‍ന്നിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ ദിവസം കനാല്‍ തുറന്ന് വിട്ടതോടെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളക്കെട്ടായതും റോഡും വീടുകളും വെള്ളത്തിലായതും  നാട്ടുകാരെ ദുരിതത്തിലാക്കി.

ഒരു കിലോമീറ്റര്‍ നീളത്തിലാണ് ആദികാട്ടുകുളങ്ങര രിഫായി മുള്ളംകുറ്റി അക്വഡേറ്റ് പാലം നിര്‍മ്മിച്ചിട്ടുള്ളത്. മുപ്പത്തഞ്ച് വര്‍ഷത്തോളം പഴക്കമുള്ള ഈ അക്വഡേറ്റ് പാലത്തിലൂടെ മുമ്പ് വാഹനങ്ങള്‍ കടന്നു പോയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അപകടാവസ്ഥയിലായ പാലത്തിന്റെ ഇരുഭാഗവും കെ.ഐ.പി അധികൃതര്‍ ഇടപെട്ട് കെട്ടിയടച്ചു. ഇതു മൂലം പാലത്തിലൂടെ യാത്രക്കാര്‍ക്ക് നടന്നു പോകാന്‍ പോലും കഴിയാറില്ല. ആദികാട്ടുകുളങ്ങരയില്‍ നിന്നും പന്തളം ഭാഗത്തേക്ക് പോകാനുള്ള പ്രധാന പാതയാണിത്. പാലത്തിന്റെ കൈവരികള്‍ തകര്‍ന്നും, അടിഭാഗത്തെ കോണ്‍ക്രീറ്റ് ഭാഗം അടര്‍ന്നു മാറി വന്‍ ഗര്‍ത്തങ്ങളും രൂപപ്പെട്ടിരിക്കുകയാണ്. കനാലിന്റെ അടിഭാഗം തകര്‍ന്നതിനാല്‍ നൂറടിയോളം താഴ്ചയിലേക്ക് വെള്ളം കുത്തിയൊലിച്ച് റോഡ് തകര്‍ന്ന നിലയിലാണ്.

അര കിലോമീറ്ററോളം നീളമുള്ള തലക്കോട് കരിമാന്‍കാവ് അക്വഡേറ്റ് പാലത്തിന്റെ അടിഭാഗം കോണ്‍ക്രീറ്റ് ഇളകിമാറി തകര്‍ന്ന നിലയിലാണ്. അക്വഡേറ്റില്‍ നിന്നുള്ള വെള്ളം വീണ് ഇതുവഴി കടന്നു പോകുന്ന റോഡ് പൂര്‍ണ്ണമായും തകര്‍ന്നിട്ട് വര്‍ഷങ്ങളായി. ആദികാട്ടുകുളങ്ങര ടൗണ്‍ വാര്‍ഡ് വഴി കുടശ്ശനാടിന് പോകുന്ന ഈ റോഡ് മാസങ്ങള്‍ക്ക് മുമ്പ് എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും പൂര്‍ത്തിയായില്ല. റോഡില്‍ മെറ്റല്‍ വിരിച്ച ജോലി മാത്രമാണ് നടന്നത്. കനാല്‍ തുറന്നതോടെ ഈ റോഡ് ചെളിക്കുണ്ടായി മാറുകയും നടന്നു പോകാന്‍ കഴിയാത്ത അവസ്ഥയിലായി. 

ഇരു അക്വഡേറ്റ് പാലങ്ങളുടെയും സമീപത്തായി നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ബലക്ഷയമുള്ള പാലം തകര്‍ന്ന് വീണാല്‍ ഈ കുടുംബങ്ങള്‍ അപകടത്തിലാകും. അക്വഡേറ്റ് പാലങ്ങളുടെ ബലക്ഷയം പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നാട്ടുകാര്‍ നിരവധി തവണ കെ.ഐ.പി.അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും വേണ്ട നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇരു പാലങ്ങളുടെയും ബലക്ഷയം പരിശോധിച്ച് അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി നടത്താന്‍ അധികൃതര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കൊല്ലാൻ വിട്ടത് പോലെ തോന്നുന്നു'; സൂരജ് ലാമയുടെ തിരോധാനത്തിൽ സിയാലിനെ വിമർശിച്ച് ഹൈക്കോടതി
മെസിയുടെ കൊൽക്കത്ത സന്ദർശനം കുളമായി, പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു