വാക്‌സിന്‍ ലഭിച്ചില്ല;  ചത്ത താറാവുകളുമായി കര്‍ഷകന്റെ പ്രതിഷേധം

By Web DeskFirst Published Apr 5, 2018, 6:23 PM IST
Highlights
  • ഹരിപ്പാട് സ്വദേശിയായ ദേവരാജനാണ് ചത്ത താറാവുകളുമായെത്തിയത്.

ആലപ്പുഴ: വാക്‌സിന്‍ ലഭിക്കാത്തതിനാല്‍ കൂട്ടത്തോടെ ചത്ത താറാവുകളുമായി കര്‍ഷകന്‍ ആലപ്പുഴ മൃഗാശുപത്രിയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. ഹരിപ്പാട് സ്വദേശിയായ ദേവരാജനാണ് ചത്ത താറാവുകളുമായെത്തിയത്. ഇയാളുടെ രണ്ട് മാസം പ്രായമുള്ള അയ്യായിരം താറാവുകളാണ് നാല് ദിവസം കൊണ്ട് ചത്തത്.  ഡക്ക് പാര്‍സിലോ സിസ് എന്ന രോഗം ബാധിച്ചാണ് ദേവരാജന്റെ താറാവുകള്‍ കൂട്ടത്തോടെ ചത്തത്. 

ദിവസം അഞ്ഞൂറും ആയിരവും എണ്ണം വീതം നാല് ദിവസം കൊണ്ട്  ദേവരാജന്റെ അയ്യായിരം താറാവുകളാണ് ചത്തത്. 28 ദിവസം പ്രായമുള്ളപ്പോള്‍ നല്‍കേണ്ട വാക്‌സിന്‍ രണ്ട് മാസമായിട്ടും ലഭിക്കാത്തതാണ് താറാവുകള്‍ കൂട്ടത്തോടെ ചാകാന്‍ കാരണം. വാക്‌സിനായി പല തവണ മൃഗാശുപത്രിയെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്നും ദേവരാജന്‍ പറഞ്ഞു. അതേ സമയം ആലപ്പുഴ ജില്ലയ്ക്ക് ലഭിക്കേണ്ട വാക്‌സിന്‍ കഴിഞ്ഞ മാസം മുടങ്ങിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി.സി. സുനില്‍ കുമാര്‍ പറഞ്ഞു.

താറാവ് കര്‍ഷകര്‍ക്കാവശ്യമായ വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച്  കാര്‍ത്തികപള്ളി താലൂക്കിലെ കര്‍ഷകരുടെ 3000 താറാവുകളാണ് രോഗം ബാധിച്ച് ചത്തത്. എന്നാല്‍ ഇത് തെറ്റായ കണക്കാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. കഴിഞ്ഞ ദിവസം വീയപുരം പഞ്ചായത്തില്‍ മണലേല്‍ ഗോപിയുടെ 500 താറാവുകളും ചത്തിരുന്നു. വായില്‍നിന്നും നുരയും പതയും വന്ന് കുഴഞ്ഞുവീണാണ് താറാവുകള്‍ ചത്തുവീണത്.

click me!