
നോയിഡ: പഠിക്കാന്‍ നിര്‍ബന്ധിച്ച അമ്മയെയും പന്ത്രണ്ട് വയസുള്ള സഹോദരിയെയും ക്രിക്കറ്റ് ബാറ്റും പിസ കട്ടറുമുപയോഗിച്ച് കൊലപ്പെടുത്തി പതിനാറുകാരന്‍. പഠനത്തില്‍ പിന്നിലായിരുന്ന മകന്‍ അലസമായി സോഫയില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പെട്ട മാതാവ് പുസ്തകമെടുത്ത് പഠിക്കാന്‍ ആവശ്യപ്പെട്ട് മകനെ ശകാരിച്ചിരുന്നു. എന്നാല്‍ അത് അനുസരിക്കാതിരുന്നപ്പോള്‍ മകനെ അമ്മ അടിച്ചിരുന്നു. ഈ നടപടിയാണ് മകനെ പ്രകോപിപ്പിച്ചത്.
രാത്രി ഭക്ഷണത്തിന് ശേഷം ഉറങ്ങിയ അമ്മയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ മകന്‍ ശ്രമിച്ചു. അമ്മയുടെ നിലവിളി കേട്ടെഴുന്നേറ്റ പന്ത്രണ്ട് വയസുള്ള സഹോദരിയേയും ഈ പതിനാറുകാരന്‍ നിഷ്കരുണം വധിച്ചു. കൊലപാതകത്തിന് ശേഷം വാരണാസിയില്‍ ഒളിച്ച് താമസിച്ച പതിനാറുകാരനെ നാല് ദിവസത്തെ തിരച്ചിലിന് ശേഷമാണ് കണ്ടെത്തിയത്.
ബിസിനസ് ആവശ്യത്തിനായി പിതാവ് പുറത്ത് പോയ സമയത്തായിരുന്നു ദാരുണ സംഭവങ്ങള്‍ നടന്നത്. കൊലപാതകത്തിന് ശേഷം കുളിച്ച് വീട്ടില്‍ നിന്ന് പണമെടുത്ത ശേഷം കുട്ടി ഒളിവില്‍ പോവുകയായിരുന്നു. പോകുമ്പോള്‍ അമ്മയുടെ മൊബൈല്‍ ഫോണ്‍ കൈയ്യിലെടുത്ത് വീട്ടിലെ ലാന്‍ഡ് ലൈനും ഇന്റര്‍ കോമും ബന്ധം വിച്ഛേദിച്ച ശേഷമായിരുന്നു കുട്ടി ഒളിവില്‍ പോയത്. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന സഹോദരിയോട് പതിനാറുകാരന് അസൂയ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്.
സഹോദരിയെ മാതാപിതാക്കള്‍ തന്നെക്കാള്‍ സ്നേഹിച്ചിരുന്നെന്നും നേരത്തെ ഇതില്‍ മനം നൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്നും പതിനാറുകാരന്‍ നോയിഡ പൊലീസിനോട് പറഞ്ഞു. അധികം സുഹൃത്തുക്കളില്ലാതിരുന്ന പ്രകൃതമായിരുന്നു കുട്ടിയുടേതെന്ന് പിതാവ് പൊലീസിന് മൊഴി നല്‍കി. കൊലപാതകത്തിന് ശേഷം കുട്ടി തടര്‍ച്ചയായി യാത്ര ചെയ്യുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. നാല് ദിവസത്തെ ഒളിവിന് ശേഷം പിതാവിനെ വിളിച്ചതാണ് കേസില്‍ വഴിത്തിരിവായത്. അമ്മ പഠനത്തില്‍ പിന്നിലായതിന് ശകാരിക്കുമായിരുന്നെന്നും അടിക്കുമായിരുന്നെന്നും കുട്ടി പൊലീസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam