പിവി അന്‍വറിന്റെ തൊഴില്‍ നിയമലംഘനത്തിലും അന്വേഷണം

By Web DeskFirst Published Dec 10, 2017, 10:58 AM IST
Highlights

മലപ്പുറം: എംഎല്‍എ പിവി അന്‍വറിന്റെ തൊഴില്‍ നിയമലംഘനത്തിലും അന്വേഷണം. കക്കാടംപായിലിലെ പാര്‍ക്കിലെ തൊഴിലാളികള്‍ക്ക് പിഎഫ്, ഇഎസ്‌ഐ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നില്ലെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ഇസ്‌ഐ കോര്‍പ്പറേഷനും, പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനുമാണ് എംഎല്‍എയുടെ നിയമലംഘനങ്ങള്‍ അന്വേഷിക്കുന്നത്. എംഎല്‍എയുടെ നിയമലംഘനങ്ങള്‍ അന്വേഷമിക്കുമെന്ന് തൊഴില്‍മന്ത്രി ടിപി രാമകൃഷ്ണന്‍ അറിയിച്ചു. തൊഴിലുടമകള്‍ നിടമം അനുസരിക്കാന്‍ ബാധ്യസ്ഥരെന്നും മന്ത്രി പറഞ്ഞു.

പാര്‍ക്കില്‍ നൂറോളം തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്നുണ്ടെന്ന് എംഎല്‍എ നേരത്തെ നിയമസഭയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഈ സമയം എംഎല്‍എയുടെ പാര്‍ക്ക് തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുപോലുമില്ലായിരുന്നു. തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ, പിഎഫ് പോലെയുള്ള ആനുകൂല്യങ്ങള്‍  എംഎല്‍എ നല്‍കുന്നില്ലെന്നും പിന്നാലെ വ്യക്തമായി. ഒരു സ്ഥാപനത്തില്‍ 10 തൊഴിലാളികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഇഎസ്‌ഐ ആനുകൂല്യം ലഭ്യമാക്കണം. 20 ലധികം പേരുണ്ടെങ്കില്‍ പ്രൊവിഡന്റ് ഫണ്ടിനും അര്‍ഹരാണ്. തൊഴിലാളികളുടെ വിവരം ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് മറച്ച് വച്ച് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന വിവരം തെളിവ് സഹിതം ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു. 

പിന്നാലെ താമരശേരി ലേബര്‍ ഓഫീസിനെ സമീപിച്ച് 24 തൊഴിലാളികളുടെ വിവരം നല്‍കി പാര്‍ക്ക് എംഎല്‍എ രജിസ്റ്റര്‍ ചെയ്തു. അതായത് പ്രവര്‍ത്തനം തുടങ്ങി 2 വര്‍ഷം കഴിയുമ്പോഴാണ് പാര്‍ക്കിന് തൊഴില്‍ വകുപ്പില്‍ നിന്ന് രജിസ്‌ട്രേഷന്‍ എടുക്കുന്നത്. ഇതോടെ പുകിലുകള്‍ അവസാനിക്കുമെന്ന് കരുതിയെങ്കിലും തെറ്റി. എംഎല്‍എക്കെതിരെ അന്വേഷണം നടക്കുകയാണെന്ന് വ്യക്തമാക്കി പ്രൊവിഡന്റ് ഫണ്ട് ഓഫീസില്‍ നിന്നും, ഇഎസ്‌ഐ കോര്‍പ്പറേഷനില്‍ നിന്നും ലഭിച്ച കത്തുകളാണിത്. പ്രൊവിഡന്റ് ഫണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ നിയമലംഘനം അന്വേഷിക്കുകയാണെന്നും, അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. നിയമലംഘനങ്ങളിലുള്ള ഇഎസ്‌ഐ കോര്‍പ്പറേഷന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. തൊഴിലാളി സ്‌നേഹത്തെ കുറിച്ചും, അവരുടെ അവകാശങ്ങളെ കുറിച്ചും ഏറെ ശബ്ദമുയര്‍ത്തുന്ന ഒരു സര്‍ക്കാരിന്റെ ഭാഗമായ ജനപ്രതിനിധി തന്നെ ഇത്തരത്തില്‍ തൊഴിലാളി വിരുദ്ധത കാട്ടിയെന്നത് വലിയ വിരോധാഭാസമാണ്.

അതേസമയം, പിവി അന്‍വര്‍ എംഎല്‍എ ചീങ്കണ്ണിപ്പാലിയില്‍ അനധികൃതമായി നിര്‍മ്മിച്ച തടയണ രണ്ട് ആഴ്ചയ്ക്കുള്ളില്‍ പൊളിക്കണമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ ആര്‍ഡിഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നടപടി. അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനം സ്ഥിരീകരിച്ചാണ് ആര്‍ഡിഒയുടെ റിപ്പോര്‍ട്ട്. ദുരന്ത നിവാരണ നിയമം ലംഘിച്ചാണ് തടയണ നിര്‍മ്മിച്ചതെന്ന് ആര്‍ഡിഒ വ്യക്തമാക്കുന്നു. ചീങ്കണ്ണിപ്പാലയില്‍ റോപ്പ്‌വേയും തടയണയും നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് 14 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. 8 പേജില്‍ തടയണയുമായി ബന്ധപ്പെട്ട വിവരങ്ങളും 6 പേജില്‍ ചിത്രങ്ങളുമാണ് ഉള്ളത്. വനംവകുപ്പും പഞ്ചായത്തും അന്‍വറിന്റെ നിയമലംഘനം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

click me!