
തിരുവനന്തപുരം: പ്രവാസി പുനരധിവാസം ലക്ഷ്യമാക്കി നോർക്ക റൂട്ട്സ് കൂടുതൽ ബാങ്കുകളുമായി ധാരണ പത്രത്തിൽ ഒപ്പുവെയ്ക്കുന്നു. തിരികെയെത്തുന്ന പ്രവാസികൾക്ക് സ്വയം തൊഴിൽ പദ്ധതി കണ്ടെത്തുന്നതിന് സഹായം ഉറപ്പാക്കാനാണ് വിവിധ ബാങ്കുകളുമായി ധാരണയിലെത്തുന്നത്. മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട് മെന്റ് പ്രൊജക്റ്റ് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടുതൽ ബാങ്കുകളുമായി നോർക്ക റൂട്ട്സ് ധാരണ പത്രത്തിൽ ഒപ്പുവെയ്ക്കുന്നത്.
ഈ പദ്ധതി പ്രകാരം മടങ്ങിവരുന്ന പ്രവാസികൾക്ക് സ്വയം സംരംഭങ്ങൾ തുടങ്ങാനുള്ള മൂലധന സബ്‌സിഡിയും പലിശ സബ്‌സിഡിയും നോർക്ക റൂട്ട്സ് നൽകുമെന്ന് നോർക്ക സി ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു. വിദേശത്തു നിന്ന് തിരിച്ചെത്തുന്ന പ്രവാസികൾ തുടങ്ങുന്ന 30 ലക്ഷം രൂപ വരെ മൂലധനചിലവുള്ള സംരംഭങ്ങൾക്ക് 15 ശതമാനംവരെ മൂലധന സബ്‌സിഡിയായി ഈ പദ്ധതിയിൽ ലഭിക്കും. പരമാവധി മൂന്ന് ലക്ഷം രൂപവരെയാണ് സബ്‌സിഡി.
ഗഡുക്കൾ കൃത്യമായി തിരിച്ചടക്കുന്നവർക്കു ആദ്യ നാല് വർഷം മൂന്നു ശതമാനം പലിശ സബ്‌സിഡി ബാങ്ക് വായ്പ്പയിൽ ക്രമീകരിച്ചു നൽകും. ഈ സാമ്പത്തിക വർഷം 15 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്.
ഇതുവരെ 687 ഗുണഭോക്താക്കൾക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങൾ മുഖേന 7.93 കോടി രൂപ സബ്‌സിഡിയായും നൽകിയിട്ടുണ്ടെന്ന് നോർക്ക സി ഇ ഒ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം ബാങ്ക് ഓഫ് ബറോഡയുമായി നോർക്ക റൂട്ട് സ് ധാരണ പത്രത്തിൽ ഒപ്പുവെച്ചു.
കൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയ എട്ടു ധനകാര്യ സ്ഥാപങ്ങളുമായി നോർക്ക റൂട്ട് സ് ധാരണ പത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ ബാങ്ക് ശാഖകളിൽ നിന്നും നോർക്ക റൂട്ട് സ് ഓഫീസിൽ നിന്നും ലഭ്യമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam