
ഭുവനേശ്വർ: ബിജെപി നേതാവ് വരുൺ ഗാന്ധി കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ടുള്ള ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അത്തരം പ്രചരണങ്ങളെ പറ്റി തനിക്കൊന്നും അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വരുൺ കോൺഗ്രസിൽ ചേരുമെന്നും നെഹ്റു-ഗാന്ധി കുടുംബം വീണ്ടും ഒന്നിക്കുമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകുകയായിരുന്നു രാഹുൽ.
പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃപദവിയിലേക്ക് എത്തിയതിന് ശേഷം രാജീവ് ഗാന്ധിയുടെ സഹോദരന്റെ മകനായ വരുണിനെ രാഹുൽ കോണ്‍ഗ്രസിലെത്തിക്കുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ മറുപടി. നേരത്തെയും വരുൺ കോൺഗ്രസിൽ ചേരുന്നുവെന്നുള്ള അഭ്യൂഹങ്ങൾ വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. രാഹുല്‍ കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിന് പിന്നാലെ വരുണ്‍ ഗാന്ധിയും കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു അഭ്യൂഹം.
വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുകയാണെങ്കില്‍ അതിന് പ്രേരണയാവുക പ്രിയങ്ക ഗാന്ധിയായിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഹാജി മന്‍സൂര്‍ അഹമ്മദ് പറഞ്ഞിരുന്നു. കുറച്ചു കാലങ്ങളായി ബിജെപിയും വരുണ്‍ ഗാന്ധിയും തമ്മില്‍ ചില അസ്വാരസ്യങ്ങളുണ്ട്. കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വരുണിനെ ബിജെപി തഴഞ്ഞതും, പ്രധാനമന്ത്രിയെ വിമര്‍ശിച്ച് വരുണ്‍ രംഗത്ത് വന്നതുമെല്ലാം ഈ അസ്വാരസ്യങ്ങള്‍ക്കുള്ള തെളിവാണ്. ഏറെ കാലമായി പാര്‍ട്ടി പരിപാടികളില്‍ വരുണ്‍ പങ്കെടുക്കാറില്ല.
എംപിമാരുടെ ശമ്പള വർദ്ധനവിനെതിരെയും വരുൺ രംഗത്തെത്തിയിരുന്നു. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളം കൂട്ടി നൽകുന്നത് അവരുടെ കഠിനാദ്ധ്വാനവും ജോലിയിൽ അവർ നൽകുന്ന അർപ്പണബോധവും അനുസരിച്ചാണ്. എന്നാൽ, എന്ത് ചെയ്തിട്ടാണ് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഏഴ് തവണ എംപിമാരുടെ ശമ്പളം വർദ്ധിപ്പിച്ചതെന്ന് വരുൺ ഗാന്ധി ചോദിച്ചിരുന്നു. നിലവിൽ ഉത്തർപ്രദേശിലെ സുല്‍ത്താന്‍പുരില്‍ നിന്നുള്ള ബിജെപിയുടെ ലോക്‌സഭാ എംപിയാണ് വരുണ്‍ ഗാന്ധി. വരുണിന്റെ അമ്മ മേനകാ ഗാന്ധി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രിയുമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam