
കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപ്പാസിനായുള്ള സ്ഥലമളക്കല്‍ തടയാന്‍ വയല്‍ക്കിളികള്‍. വയലുകള്‍ ഉള്‍പ്പെടുത്തിയുള്ള സ്ഥലം ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്നാണ് ഇവരുടെ നിലപാട്. കീഴാറ്റൂരിലുള്‍പ്പടെ വികസന പദ്ധതികള്‍ക്ക് സ്ഥലമേറ്റെടുക്കുമ്പോള്‍ ന്യായമായ നഷ്ടപരിഹാരവും പാക്കേജുകളും നല്‍കും. എന്നാല്‍ ഒരു കാരണവശാലും പദ്ധതിയില്‍ നിന്ന് പിറകോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച്ചയിലും ആവര്‍ത്തിച്ചിരുന്നു.
ഇതേ സമയത്താണ് സമരക്കാര്‍ എതിര്‍പ്പറിയിച്ച അതേ അലൈന്മെന്റില്‍ തന്നെ കിഴാറ്റൂരില്‍ സ്ഥലമേറ്റെടുക്കുന്നതിനുള്ള കേന്ദ്രവിജ്ഞാപനം പുറത്തിറങ്ങിയിരിക്കുന്നത്. തങ്ങളുടെ നിര്‍ദേശങ്ങള്‍ കണക്കിലെടുക്കാതെയുള്ള ഈ നടപടികള്‍ അനുവദിക്കില്ലെന്നാണ് വയല്‍ക്കിളികളുടെ പ്രഖ്യാപനം. സമരക്കാരുടെ ആശങ്കകള്‍ പഠിച്ച ശേഷം മാത്രമേ സ്ഥലമേറ്റെടുക്കല്‍ വിജ്ഞാപനമുണ്ടാകൂവെന്ന് പൊതുമരാമത്ത് മന്ത്രി തന്നെ വാക്ക് നല്‍കിയിരുന്നെങ്കിലും, പഴയ അലൈന്മെന്റ് പ്രകാരമുള്ള 3എ വിജ്ഞാപനം പുറത്തിറങ്ങിയതോടെ ഇതും പാഴായി. സമരത്തിനൊപ്പം സ്ഥലമളക്കുന്നത് തടയുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചതോടെ നടപടികള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാണ്.
റോഡ് നിര്‍മ്മാണത്തിന് പിന്നില്‍ തളിപ്പറമ്പിലെ സിപിഎം -കോണ്‍ഗ്രസ് - മുസ്ലീം ലീഗ് കൂട്ടായ്മയുടെ ഓത്താശയോടെയുള്ള റിയല്‍ എസ്‌റ്റേറ്റ് താല്‍പ്പര്യങ്ങളാണെന്ന് വയല്‍ക്കിളികള്‍ ആരോപിച്ചു. തീവ്രവാദികളെന്ന് മുദ്രകുത്തി സമരത്തെ തടയാനാണ് ശ്രമം. ഇത് വിലപ്പോകില്ലെന്നും സമരക്കാര്‍ അറിയിച്ചു. തങ്ങളുടെ ഗ്രാമത്തിലെ 99 ശതമാനം പേരും സിപിഎം അനുഭാവികളാണെന്നും ഇതില്‍ 90 ശതമാനം പോരും സമരത്തോടൊപ്പമുണ്ടെന്നും ഇവര്‍ അവകാശപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam