
ദില്ലി: ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ഫ്ലൈ ഓവറിൽ നിന്ന് ചാടി ജീവനൊടുക്കി. കിഴക്കന്‍ ദില്ലിയിലെ മയൂര്‍ വിഹാര്‍ ഫ്ലൈ ഓവറിലാണ് സംഭവം. സൗരഭ് എന്ന മുപ്പതുകാരനാണ് ജോലി കിട്ടാത്തതിനെ തുടർന്ന് ജീവനൊടുക്കിയത്. ബിഹാറിലെ ഭോജ്പൂരി സ്വദേശിയായ സൗരഭ് ഏതാനും മാസങ്ങൾക്ക് മുൻപാണ് ദില്ലിയിൽ താമസമാക്കിയത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മയൂര്‍ വിഹാര്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് യുവാവ് ആത്മഹത്യ ചെയ്തുവെന്ന വിവരം ലഭിക്കുന്നത്. ഉടൻ തന്നെ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി ഇയാളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് ന്യൂ അശോക് നഗറിലെ സൗരഭിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തുകയും ഇയാളുടെ ഡയറി കണ്ടെത്തുകയും ചെയ്തു. ഇതിൽ നിന്നുമാണ് ജോലി ലഭിക്കാത്തതിൻ വളരെയധികം മനോവിഷമത്തിലായിരുന്നു യുവാവെന്നും ഇതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നും പൊലീസ് കണ്ടെത്തിയത്.
ദില്ലിയിൽ രണ്ടര മാസത്തിന് മുന്നെയാണ് സൗരഭ് താമസം ആരംഭിച്ചത്. തുടർന്ന് നിരവധി സ്ഥലങ്ങളിൽ ജോലി തേടി അലഞ്ഞുവെങ്കിലും ശ്രമം വിഫലമാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബിഹാർ സര്‍വ്വകലാശാലയില്‍ നിന്നും ബിടെക്കില്‍ ബിരുദം നേടിയ വിദ്യാർഥിയാണ് സൗരഭ്. പോസ്റ്റുമോർട്ടത്തിനു ശേഷം യുവാവിന്റെ മൃതശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam