കമിതാക്കളെ പേടിച്ച് പ്രണയദിനത്തില്‍ അവധി പ്രഖ്യാപിച്ച് യൂണിവേഴ്‌സിറ്റി

By Web DeskFirst Published Feb 13, 2018, 2:28 PM IST
Highlights

ലക്നൗ: പ്രണയദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ വരുന്നത് വിലക്കി ലക്‌നൗ സര്‍വ്വകലാശാല. ഫെബ്രുവരി 14, ബുധനാഴ്ച വിദ്യാര്‍ത്ഥികള്‍ ആരും കോളേജില്‍ വരേണ്ടതില്ലെന്നും ആരെയെങ്കിലും ക്യാമ്പസില്‍ കണ്ടാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ സര്‍ക്കുലര്‍ ഇറക്കി. സര്‍വ്വകലാശാല ശിവരാത്രിയ്ക്കാണ് അടച്ചതെന്നാണ് വിശദീകരണമെങ്കിലും സര്‍ക്കുലറില്‍ നല്‍കിയിരിക്കുന്നത് മറ്റൊന്നാണ്. 

കുറച്ച് വര്‍ഷങ്ങളായി പാശ്ചാത്യ സംസ്‌കാരം പിന്‍പറ്റി യുവാക്കള്‍ ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനമായി ആഘോഷിച്ചുവരികയാണ്. എന്നാല്‍ ഫെബ്രുവരി 14ന് ശിവരാത്രിയോടനുബന്ധിച്ച് സര്‍വ്വകലാശാലയ്ക്ക് അവധിയാണ്; സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. 

സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ഫെബ്രുവരി 14ന് പരീക്ഷയോ, ക്ലാസുകളോ, സാംസ്‌കാരിക പരിപാടികളോ നടക്കുന്നില്ല. വിദ്യാര്‍ത്ഥികള്‍ കലാലയത്തിലെത്തേണ്ടതായ ഒരു കാര്യവും നടക്കുന്നില്ല. അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികളെ കോളേജിലേക്ക് അയക്കേണ്ടതില്ലെന്ന് രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തിട്ടുണ്ട് ഉത്തര്‍പ്രദേശിലെ ലക്‌നൗ സര്‍വ്വകലാശാല. 

സര്‍വ്വകലാശാല ഭരണാധികാരി വിനോദ് സിംഗാണ് സര്‍ക്കുലറില്‍ ഒപ്പ് വച്ചിരിക്കുന്നത്. '' സര്‍വ്വകലാശാലയ്ക്ക് അവധിയാണെന്ന് അധികൃതര്‍ക്ക് പറയാം. ഉത്തരവിറക്കാം. എന്നാല്‍ സര്‍വ്വകലാശാലയില്‍ പ്രവേശിക്കരുതെന്ന് എങ്ങനെ പറയാനാകും. വിദ്യാര്‍ത്ഥികളല്ലെങ്കില്‍ മറ്റാരാണ് സര്‍വ്വകലാശാലയില്‍ വരിക''; ഒരു വിദ്യാര്‍ത്ഥി ചോദിച്ചു. കഴിഞ്ഞ വര്‍ഷം പ്രണയദിനത്തില്‍ സമ്മാനങ്ങളോ, പൂക്കളോ ക്യംപസില്‍ കൊണ്ടുവരരുതെന്ന് ലക്‌നൗ സര്‍വ്വകലാശാല ഉത്തരവിറക്കിയത് വിവാദമായിരുന്നു. 


 

click me!