ശബരിമലയില്‍ പോകണമെന്ന് ഇപ്പോള്‍ ആഗ്രഹമുണ്ട്, വീട് ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി അപര്‍ണ

By Web TeamFirst Published Nov 22, 2018, 9:45 AM IST
Highlights

ശബരിമലയ്ക്ക് പോകണമെന്ന് ഉദ്ദേശിച്ചിരുന്നില്ല, എന്നാല്‍ ഇനി പോകാന്‍ താല്‍പര്യമുണ്ടെന്ന് അപര്‍ണ ശിവകാമി. പൊലീസ് സംരക്ഷണം ഉറപ്പാക്കിയാൽ ശബരിമല ദർശനത്തിന് തയാറാണെന്നറിയിച്ച യുവതികള്‍ക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത യുവതിയാണ് അപര്‍ണ. 

മലപ്പുറം : ശബരിമലയ്ക്ക് പോകണമെന്ന് ഉദ്ദേശിച്ചിരുന്നില്ല, എന്നാല്‍ ഇനി പോകാന്‍ താല്‍പര്യമുണ്ടെന്ന് അപര്‍ണ ശിവകാമി. പൊലീസ് സംരക്ഷണം ഉറപ്പാക്കിയാൽ ശബരിമല ദർശനത്തിന് തയാറാണെന്നറിയിച്ച യുവതികള്‍ക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത യുവതിയാണ് അപര്‍ണ. ഇന്ന് പുലര്‍ച്ചെ വീടിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അപര്‍ണയുടെ പ്രതികരണം. 

മലപ്പുറം കാക്കഞ്ചേരി കോഴിപ്പുറത്തെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ ജനൽച്ചിലുകൾ കല്ലേറിൽ തകർന്നിരുന്നു. വീടിന് നേരെ ആക്രമണം നടന്ന വിവരം അപര്‍ണ ശിവകാമി തന്നെയാണ് വ്യക്തമാക്കിയത്. രേഷ്മ നിഷാന്ത് അടക്കമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ പോകുന്നതുമായി  ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനം വിളിച്ചത് അപര്‍ണ ശിവകാമിയുടെ നേതൃത്വത്തിലായിരുന്നു. നേരത്തെ പ്രതിഷേധത്തെത്തുടർന്ന് ശബരിമല ദർശനത്തിൽ നിന്ന് പിൻമാറിയ കോഴിക്കോട് സ്വദേശിനി രേഷ്മാ നിശാന്തിനൊപ്പമാണ് കണ്ണൂർ സ്വദേശിനി ഷനിജ സതീഷും കൊല്ലം സ്വദേശിനി ധന്യ വി എസും കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തിയത്.

താൻ ശബരിമലയക്ക് പോകാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇനി ശബരിമലയ്ക്ക് പോകാൻ ഉദ്ദേശിക്കുന്നുവെന്നും അപർണ്ണ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. പൊലീസ് സംരക്ഷണം ഉറപ്പാക്കിയാൽ ശബരിമല ദർശനത്തിന് തയാറാണെന്ന് യുവതികള്‍ കൊച്ചിയില്‍ വാർത്താ സമ്മേളനത്തില്‍ വിശദമാക്കിയിരുന്നു. 

click me!