
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്തിന് 280 കോടി രൂപ കൂടി കേന്ദ്ര സർക്കാർ അനുവദിച്ചു. വേതന കുടിശ്ശിക നൽകാനാണ് തുക അനുവദിച്ചിരിക്കുന്നത്. ഒമ്പതിന് 100 കോടി അനുവദിച്ചതിന് പുറമെയാണിത്.
നവംബർ ഡിസബർ മാസത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്‍റ്റർ ചെയ്‍തിട്ടുള്ള തൊഴിലാളികളുടെ വേതന കുടിശ്ശിക നൽകാനാണ് 280 കോടി പതിനേഴ് ലക്ഷത്തി അറുപത്തിനാലായിരം രൂപ കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. നിലവിൽ 360 കോടി രൂപയാണ് കുടിശ്ശികയുള്ളത്.ഇപ്പോഴനുവദിച്ച തുക നേരിട്ട് തൊഴിലാളികൾക്ക് ലഭിക്കും. ഒമ്പതിന് 100 കോടിയും സംസ്ഥാനത്തിന് നൽകിയിരുന്നു. ഇത് വിദഗ്ധ പരിശീലനം സിദ്ധിച്ച തൊഴിലാളികൾക്കും വസ്‍തുക്കൾ വാങ്ങുന്നതിനും ഭരണപരമായ ആവശ്യങ്ങൾക്കുമായിരുന്നു. എന്നാൽ ഇതോടൊപ്പം സംസ്ഥാന വിഹിതം കൂടെ ഉൾപ്പെടുത്താൻ നിർദേശമുണ്ടായിരുന്നു. സംസ്ഥാന വിഹിതം വൈകിയാൽ 12 ശതമാനം പലിശ നൽകാനും വ്യവസ്ഥയുണ്ടായിരുന്നു. ഒമ്പതിന് കേന്ദ്രത്തിന്റെ ഉത്തരവ് വന്നെങ്കിലും 22നാണ് സംസ്ഥാന വിഹിതം അനുവദിച്ചത്. കുടിശ്ശിക തീർക്കാൻ ഫണ്ട് വന്ന പശ്ചാത്തലത്തിൽ മാർച്ച് 400 കോടിയോളം രൂപയുടെ പദ്ധതികൾ സമർപ്പിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാനം. 32 ലക്ഷത്തോളം തൊഴിലാളികളാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്ത് നിന്ന് രജിസ്റ്റർ ചെയ്‍തിരിക്കുന്നത്. 25 ലക്ഷം പേരാണ് നിലവിലെ ഗുണഭോക്താക്കൾ.