സോഷ്യൽ മീഡിയ കാരണം കൗമാരക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് കോൺഗ്രസ് എംപി ജെബി മേത്തർ രാജ്യസഭയിൽ ആശങ്ക ഉന്നയിച്ചു. ഓൺലൈൻ ലോകത്തിന്റെ സ്വാധീനം മൂലം വിദ്യാർത്ഥികൾക്കിടയിൽ ആത്മഹത്യ വർധിക്കുന്നതായും എംപി ചൂണ്ടിക്കാട്ടി.
ദില്ലി: എഎ റഹീമിന് പിന്നാലെ രാജ്യസഭയിൽ കാലിക പ്രസക്തിയുള്ള വിഷയം അവതരിപ്പിച്ച് കോൺഗ്രസ് എംപി ജെബി മേത്തർ. സോഷ്യൽ മീഡിയ കാരണം കൗമാരക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവർ രാജ്യസഭയിൽ ആശങ്ക പ്രകടിപ്പിച്ചു. യുവാക്കൾക്ക് യാഥാർത്ഥ്യവും ഫാന്റസി ലോകവും തിരിച്ചറിയാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടാകുന്ന ഏകാന്തത, ഒറ്റപ്പെടൽ തുടങ്ങിയ ദൂഷ്യഫലങ്ങൾ കാരണം, സമീപ ആഴ്ചകളിൽ വിദ്യാർത്ഥികൾ പോലും ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എംപി പറഞ്ഞു.
രാജ്യസഭയിലെ സീറോ അവറിലാണ് ജെബി മേത്തർ വിഷയം ഉന്നയിച്ചത്. കൊച്ചിക്കടുത്തുള്ള ചോറ്റാനിക്കരയിൽ നിന്നുള്ള ഒരു സംഭവത്തെയും ജെബി ഉദ്ധരിച്ചു. ഓൺലൈൻ സുഹൃത്തിന്റെ മരണത്തെത്തുടർന്ന് ദുഃഖിതയായ 16 വയസ്സുകാരി ആത്മഹത്യ ചെയ്തുവെന്നും എംപി ചൂണ്ടിക്കാട്ടി. ഇന്ന് രാവിലെ തന്റെ അധ്യാപികയുമായി സംസാരിച്ചതായും, സോഷ്യൽ മീഡിയ യുവാക്കളെയും കൗമാരക്കാരെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന ആശങ്ക അവർ പങ്കുവെച്ചതായും എംപി പറഞ്ഞു.
കുട്ടികൾക്കും, കൗമാരക്കാർക്കും, യുവാക്കൾക്കും യാഥാർത്ഥ്യവും ഫാന്റസി ലോകവും തിരിച്ചറിയാൻ കഴിയുന്നില്ല എന്ന ആശങ്ക അവർ പങ്കിടുന്നു. സോഷ്യൽ മീഡിയയുടെ സ്വാധീനത്താൽ അവർ ഒരു വെർച്വൽ ലോകം സൃഷ്ടിക്കുന്നു. പ്രത്യേകിച്ച് ഈ കൊറിയൻ ഉള്ളടക്കം, ഓൺലൈൻ ഗെയിമുകൾ, പോപ്പ് എന്നിവയെക്കുറിച്ചുള്ള ആശങ്ക അധ്യാപിക പങ്കുവെച്ചെന്നും അവർ പറഞ്ഞു. ഗാസിയാബാദിൽ മൂന്ന് സഹോദരിമാരുടെ ആത്മഹത്യകളെക്കുറിച്ചും അവർ പരാമർശിച്ചു.
ഈ വിഷയത്തിൽ സർക്കാർ ഗൗരവമായ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ഊന്നിപ്പറഞ്ഞ ജെബി, സമീപകാല പെരുമാറ്റ രീതികൾ, സൈബർ ഭീഷണി, ആത്മഹത്യാ പ്രവണത എന്നിവ എന്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ചോദിച്ചു. ഇവയെല്ലാം അവർ ജീവിക്കുന്ന സാഹചര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങളെ അക്കാദമിക് വിഷയങ്ങളുമായി സംയോജിപ്പിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
