
തിരുവനന്തപുരം: എൻഎസ്എസിനെ അനുനയിപ്പിക്കേണ്ട സ്ഥിതിയോ മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥയോ സിപിഎമ്മിനുണ്ടായിട്ടില്ലെന്നും മാടമ്പിത്തരം കയ്യിൽ വെച്ചാൽ മതിയെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എൻഎസ്എസ്. അധികാരം കയ്യിലുണ്ടെന്ന് വെച്ച് എന്തുമാവാമെന്ന് കരുതരുതെന്നും അതിനെ ഭയപ്പെടുന്നില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.
എല്ലാ സമുദായസംഘടനകളിലുമുള്ള കർഷകരും സാധാരണക്കാരും സിപിഎമ്മിനൊപ്പമാണെന്നും സാമുദായിക സംഘടനാനേതാക്കൾ മാത്രമാണ് എതിർപ്പുമായി എത്തുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു. ആലപ്പുഴയിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുന്നതിനിടയിലാണ് കോടിയേരി എൻഎസ്എസിനെതിരെ വീണ്ടും രൂക്ഷവിമർശനം നടത്തിയത്. കോടിയേരിയുടെ പ്രതികരണത്തിന് തക്ക മറുപടി കൊടുക്കാൻ അറിയാഞ്ഞിട്ടല്ലെന്നും അത് തങ്ങളുടെ സംസ്കാരമല്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
ഇതിനിടെ എൻഎസ്എസിനെ അനുകൂലിച്ച് ബിജെപി രംഗത്തെത്തി. നായര്‍ സര്‍വീസ് സൊസൈറ്റിക്കെതിരെ ഭീഷണിയുടെ സ്വരത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസാരിക്കുന്നത്. ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കാനോ നിരാകരിക്കാനോ ഉള്ള സര്‍വ സ്വാതന്ത്ര്യവും ഒരു സ്വാതന്ത്ര സാമുദായിക സംഘടന എന്ന നിലക്ക് എന്‍എസ്എസ്സിന് ഉണ്ടെന്നത് അംഗീകരിക്കാനും ആദരിക്കാനും സിപിഎം നേതൃത്വം മര്യാദ കാണിക്കണമെന്നും ബിജെപി അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam