
കോഴിക്കോട്: വീട്ടു ജോലിക്കായി ഒമാനിലേക്ക് സന്ദര്‍ശക വിസയില്‍ സ്ത്രീകളെ കയറ്റി അയക്കുന്ന സംഘങ്ങൾ കേരളത്തിൽ സജീവമാകുന്നു. വീട്ടുജോലിക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സ്ത്രീകളെ കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട കര്‍ശന നിയമങ്ങള്‍ മറികടക്കാനാണ് സന്ദർശക വിസയില്‍ സ്ത്രീകളെ കടത്തുന്നത്.
ഒമാനില്‍ വീട്ട് ജോലിക്കാരിയെ നിയോഗിക്കുന്ന ആൾ 1100 റിയാലിന്‍റെ (ഏകദേശം രണ്ട് ലക്ഷം രൂപ) ബാങ്ക് ഗ്യാരണ്ടി ഇന്ത്യന്‍ എംബസിയില്‍ കെട്ടിവയ്ക്കണമെന്നാണ് നിയമം. വീട്ടുജോലിക്കാരുടെ പ്രായം 30 നും 50 നും ഇടയില്‍ ആയിരിക്കണമെന്നും ശമ്പളം ബാങ്ക് വഴി നല്‍കണമെന്നും നിബന്ധനകളുണ്ട്. എന്നാൽ ഈ നിയമങ്ങൾ മറികടക്കാനാണ് സന്ദർശക വിസയില്‍ സ്ത്രീകളെ ഒമാനിലെത്തിക്കുന്നത്. വീട്ടു ജോലിക്കാണെന്നറിയാതെ ഒമാനിലെത്തുന്ന മിക്ക സ്ത്രീകളും കൊടിയ ദുരിതത്തിലേക്കാണ് പലപ്പോഴും വിമാനമിറങ്ങുന്നത്.
കമ്മീഷന്‍ പറ്റുന്ന മലയാളി ഏജന്‍റുമാരാണ് ഒമാനില്‍ സ്ത്രീകളെ സ്വീകരിക്കുന്നതും അറബി വീട്ടില്‍ ജോലിക്കെത്തിക്കുന്നതും. മിക്കപ്പോഴും ജോലിക്കാര്‍ക്ക് വാഗ്ദാനം ചെയ്ത ശമ്പളത്തിന്‍റെ പകുതി പോലും ലഭിക്കുന്നില്ലെന്നും തട്ടിപ്പിനിരയായവർ പറഞ്ഞു
ഒമാനിലേക്ക് കയറ്റി വിടുന്നതിന് 35,000 രൂപ മുതല്‍ 60,000 രൂപ വരെയാണ് കോഴിക്കോട്ടുള്ള ഒരു ഏജന്‍റ് സ്ത്രീകളില്‍ നിന്ന് ഈടാക്കുന്നത്. ഒമാനിലെ ഏജന്‍റില്‍ നിന്നുള്ള കമ്മീഷന്‍ 40,000 രൂപ വരെ വേറേയും ഇയാള്‍ക്ക് ലഭിക്കും. കെണിയെക്കുറിച്ചറിയാതെ ഒമാനിലെത്തുന്നവര്‍ക്ക് തിരികെ നാട്ടിലെത്തണമെങ്കില്‍ വീണ്ടും ഏജന്‍റിന് പണം നല്‍കണമെന്ന ദുരവസ്ഥായാണുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam