
തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറി. ഇന്ന് നടക്കുന്ന കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനം വ്യക്തമാക്കാമെന്നാണ് എസ്എന്‍ഡിപി അറിയിച്ചിരിക്കുന്നത്.
ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്ന് ഇതോടെ വ്യക്തമായി. ശബരിമലയിലെ നിരോധനാജ്ഞ, പൊലീസ് നിയന്ത്രണം, വിധി നടപ്പാക്കാനുള്ള സര്‍ക്കാരിന്‍റെ തിടുക്കം എന്നിവയെല്ലാം എന്‍എസ്എസിനെ ചൊടിപ്പിച്ചിരുന്നു.
നവോത്ഥാനപാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകൾ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും അതിനായാണ് യോഗം എന്നുമാണ് സർക്കാർ നിലപാട്. ഇന്ന് വെെകുന്നേരമാണ് യോഗം വിളിച്ചിരിക്കുന്നത്. നിലവിലെ സാമുദായിക സംഘടനകളിൽ പലതും കേരള നവോത്ഥാനത്തിന് നിർണായക പങ്ക് വഹിച്ചവരാണ്.
അതിനാലാണ് എന്‍എസ്എസും എസ്എന്‍ഡിപിയും അടക്കമുള്ളവരെ ക്ഷണിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. യോഗക്ഷേമ സഭാ നേതാക്കളടക്കം നിരവധി സംഘടനകളെയും ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്. ശബരിമല പ്രശ്നത്തിൽ ബിജെപിക്കൊപ്പം ഇല്ലാത്ത സംഘടനകളുടെ പിന്തുണ ഉറപ്പാക്കൽ ആണ് സർക്കാരിന്റെ ലക്ഷ്യം. എന്നാല്‍, ഇപ്പോള്‍ എന്‍എസ്എസിന്‍റെ പിന്മാറ്റം സര്‍ക്കാരിനേറ്റ വലിയ തിരിച്ചടിയാണ്. ഇതോടെ എസ്എന്‍ഡിപി എടുക്കുന്ന നിലപാട് ഏറെ നിര്‍ണായകമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam