
തിരുവനന്തപുരം: സംസ്ഥാനത്ത് മൽസ്യതൊഴിലാളി വിഭാഗത്തിൽ പെടുന്ന 13,533 പേർ ഭവന രഹിതരെന്ന് ലൈഫ് മിഷൻ സർവ്വേ. സംസ്ഥാനത്തിന്‍റെ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന് വേണ്ടി കുടുംബശ്രീ ആണ് സര്‍വേ നടത്തിയത്. സംസ്ഥാനത്ത് ഭൂമിയും വീടുമില്ലാത്ത 10423 മൽസ്യ തൊഴിലാളികൾ ഉണ്ടെന്നാണ് ലൈഫ് മിഷന് വേണ്ടി കുടുംബശ്രീ നടത്തിയ സർവ്വേ വ്യക്തമാക്കുന്നത്.
ഇതിൽ 1169 പേർ വളരെ പ്രയാസത്തിൽ കഴിയുന്നവരാണ്. വീടില്ലാത്തവർ ഏറ്റവും കൂടുതൽ ഉള്ളത് തിരുവനന്തപുരം ജില്ലയിൽ. 2702 പേർ. ഭൂമിയുണ്ടായിട്ടും വീടില്ലാത്ത 3110 പേരുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ആലപ്പുഴ ജില്ലയിൽ. അതായത് സ്വന്തമായി കൂരയില്ലാത്ത 13533 പേർ സംസ്ഥാനത്തുണ്ടെന്നാണ് ലൈഫ് മിഷന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പറയുന്നത്.
ഓഖി ദുരന്തത്തിന്‍റെ പാശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ ആകെ മൽസ്യത്തൊഴിലാളികളുടെ കണക്ക് പോലും സർക്കാരിന്‍റെ കൈവശം ഇല്ലെന്ന വിവരം പുറത്ത് വരുന്നത്. മൽസ്യത്തൊഴിലാളികളുടെ ദുരവസ്ഥ പുറം ലോകമറിഞ്ഞതും ദുരന്തത്തിന് ശേഷമാണ്. ദുരന്തത്തിൽ തകർന്ന വീടുകൾക്ക് നഷ്ടപരിഹാരമായി ജില്ലാ ഭരണ കൂടങ്ങൾ കണക്കാക്കിയ തുക തുച്ഛമാണെന്ന് മൽസ്യ തൊഴിലാളികൾക്ക് പരാതിയുണ്ട്. ഇതേ സാഹചര്യത്തിലാണ് കയറിക്കിടക്കാൻ ഒരു കൂര പോലും ഇല്ലാതെ 13 ആയിരത്തിൽ അധികം വരുന്ന മൽസ്യ തൊഴിലാളികൾ സംസ്ഥാനത്ത് ഉണ്ടെന്ന കണക്കുകൾ പുറത്ത് വരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam