ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അതിശക്തമായ വ്യോമാക്രമണത്തെ വിജയകരമായി പ്രതിരോധിച്ചതായി യുഎഇ അറിയിച്ചു. തൊടുത്തുവിട്ട നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും വ്യോമപ്രതിരോധ സേന തകർത്തുവെന്നും യുഎഇ 

അബുദാബി: ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അതിശക്തമായ വ്യോമാക്രമണത്തെ വിജയകരമായി പ്രതിരോധിച്ചതായി യുഎഇ. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ യുഎഇ സുസജ്ജമാണെന്നും ഏത് സമയത്തും സുരക്ഷയൊരുക്കാൻ അത്യാധുനിക സംവിധാനങ്ങൾ സജ്ജമാണെന്നും ഔദ്യോഗിക വാർത്താ സമ്മേളനത്തിൽ യുഎഇ വിശദീകരിച്ചു.

ഇറാൻ തൊടുത്തുവിട്ട മിസൈലുകളെയും ഡ്രോണുകളെയും യുഎഇ ആകാശത്തുവെച്ച് തന്നെ പ്രതിരോധിച്ചു. ഇറാൻ ആകെ 186 ബാലിസ്റ്റിക് മിസൈലുകളാണ് യുഎഇക്ക് നേരെ തൊടുത്തത്. ഇതിൽ 172 എണ്ണവും വ്യോമപ്രതിരോധ സേന തകർത്തു. 13 എണ്ണം കടലിൽ വീണു. ഒരേയൊരു മിസൈൽ മാത്രമാണ് രാജ്യത്തിനകത്ത് പതിച്ചത്. ആകെ 812 ഡ്രോണുകൾ അയച്ചതിൽ 755 എണ്ണവും ആകാശത്തുവെച്ച് വെടിവെച്ചിട്ടു. 57 ഡ്രോണുകൾ മാത്രമാണ് യുഎഇ അതിർത്തിക്കുള്ളിൽ പ്രവേശിച്ചത്.

ആക്രമണത്തിൽ ഇതുവരെ 3 മരണവും 68 പരിക്കുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, മിസൈലുകൾ നേരിട്ട് പതിച്ചല്ല ഈ പരിക്കുകൾ സംഭവിച്ചതെന്ന് യുഎഇ വ്യക്തമാക്കി. ആകാശത്തുവെച്ച് തകർക്കപ്പെട്ട ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചാണ് ആളുകൾക്ക് പരിക്കേറ്റത്. നേരിട്ടുള്ള ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നും യു എ ഇ അറിയിച്ചു. രാജ്യത്തെ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള നടപടികൾ ഇതിനകം ആരംഭിച്ചതായി യുഎഇ അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും അധികൃതർ കർശന നിർദ്ദേശം നൽകി.