ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നിരാഹാരസമരം; കന്യാസ്ത്രീയുടെ സഹോദരി ആശുപത്രിയില്‍

Published : Sep 19, 2018, 04:01 PM IST
ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നിരാഹാരസമരം; കന്യാസ്ത്രീയുടെ സഹോദരി ആശുപത്രിയില്‍

Synopsis

ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ചെയ്യുകയായിരുന്ന കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയിലേക്ക് മാറ്റി. സാമൂഹിക പ്രവർത്തക പി ഗീത നടത്തുന്ന നിരാഹാര സമരം തുടരുകയാണ്.

കൊച്ചി: കന്യാസ്ത്രീയുടെ ബലാൽസംഗ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയിലേക്ക് മാറ്റി. മൂന്നു ദിവസമായി കൊച്ചിയില്‍ നിരാഹാരസമരത്തിലായിരുന്നു ഇവര്‍. ആശുപത്രിയിലും നിരാഹാരം തുടരുമെന്ന് കന്യാസ്ത്രീയുടെ സഹോദരി അറിയിച്ചു. 

സാമൂഹിക പ്രവർത്തക പി ഗീത നടത്തുന്ന നിരാഹാര സമരം തുടരുകയാണ്. കൊച്ചി നഗരത്തിലെ വഞ്ചി സ്ക്വയറിൽ പന്ത്രണ്ടാം ദിവസവും സമരം ശക്തമായി തുടരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പൊലീസ് ചോദ്യം ചെയ്യുന്നതിന്‍റെ ആത്മവിശ്വാസം സമരപന്തലിൽ പ്രകടമായിരുന്നു. ബിഷപ്പിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരസമിതി ഇന്ന് ഐജി ഓഫീസിലേക്ക് മാർച്ച് നടത്തി. പൊലീസ് പ്രകടനം ബാരിക്കേഡ് വെച്ച് തടഞ്ഞു. സമരത്തിന് പിന്തുണയുമായെത്തിയ നടൻ ജോയ് മാത്യു സഭയെ സംസ്ഥാന സർക്കാരിന് ഭയമാണെന്ന് പരിഹസിച്ചു.

അതേസമയം, കേസില്‍ ചോദ്യാവലി അനുസരിച്ചുള്ള ചോദ്യം ചെയ്യൽ തുടരുകയാണ്. കോട്ടയം എസ് പി ഹരിശങ്കറാണ് ചോദ്യം ചെയ്യുന്നത്. കൊച്ചി ഡി സിപിയും വൈക്കം ഡിവൈ എസ് പിയും ഒപ്പമുണ്ട്. ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീളാൻ സാധ്യതയെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ്  അത്യാവശ്യമായി വന്നാലുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഫോറൻസിക് മെഡിക്കൽ സംഘവും ചോദ്യം ചെയ്യൽ കേന്ദ്രത്തിലുണ്ട്. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമേ അറസ്റ്റ് കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ.

രാവിലെ 11 മണിക്കാണ് ബിഷപ്പ് അന്വേഷണസംഘത്തിന് മുന്നിലെത്തിയത്. ചോദ്യം ചെയ്യലിന്‍റെ ആദ്യ ഘട്ടമായി ബിഷപ്പിന്‍റെ മൊഴിയെടുക്കുന്നത്. ആദ്യം ബിഷപ്പിന് പറയാനുള്ളത് കേള്‍ക്കും. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ ഇല്ലാതാക്കാന്‍ പൊലീസ് നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങള്‍ രണ്ടാം ഘട്ടത്തില്‍ ചോദിക്കും. ഈ സമയം ബിഷപ്പിന്‍റെ മുഖഭാവമടക്കമുള്ളവ ക്യാമറയില്‍ പകര്‍ത്തും. ചോദ്യം ചെയ്യല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് തത്സമയം കാണാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഐജിയടക്കമുള്ള ഉദ്യോഗസ്ഥര്‍ രണ്ടാം ഘട്ടത്തിന് ശേഷമായിരിക്കും ചോദ്യം ചെയ്യലിനായി എത്തുക. തുടര്‍ന്നും മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെങ്കില്‍ മൂന്നാം ഘട്ടത്തില്‍ രണ്ടാം ഘട്ടത്തിലെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യല്‍ തുടരും. നേരത്തെ കൊച്ചി റേഞ്ച് ഐജി വിജയ് സാഖറേയെയുമായി അന്വേഷണ സംഘവും കോട്ടയം എസ് പിയും ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിലാണ് ചോദ്യം ചെയ്യലിന്‍റെ അന്തിമരൂപം തയ്യാറാക്കിയത്. 

അത്യാധുനിക രീതിയിലുള്ള സൗകര്യങ്ങളുള്ള മുറിയലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. മുറിയിൽ അ‍ഞ്ച് ക്യാമറകൾ സജ്ജമാക്കിയിട്ടുണ്ട്. ബിഷപ്പിന്റെ മൊഴി എടുക്കുന്നത് പൂ‍‍ർണമായും ചിത്രീകരിക്കാനും മുഖഭാവങ്ങളടക്കമുള്ളവ പരിശോധിക്കാനുമാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന ചോദ്യം ചെയ്യല്‍ പൂര്‍ണമായും ചിത്രീകരിക്കും. ചോദ്യം ചെയ്യല്‍ തത്സമയം മേലുദ്യോസ്ഥര്‍ക്ക് കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കാവ്യയുമായി ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജുവിനോട് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടു'; നടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി
രാഹുലിന് ഇന്ന് നിർണായകം; രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും, എംഎൽഎ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല