
പത്തനംതിട്ട: തങ്ങള്‍ നേരിടുന്ന അപായകരമായ സാഹചര്യം വിശദീകരിച്ച് പത്തനംതിട്ട കോഴഞ്ചേരി മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ നഴ്‌സിന്റെ ഫേസ്ബുക്ക് ലൈവ്. രമ്യ രാഘവന്‍ എന്ന നഴ്‌സാണ് കനത്ത മഴയില്‍ ഒറ്റപ്പെട്ട ആശുപത്രിയില്‍ കുടുങ്ങിപ്പോയ രോഗികള്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യം ലൈവ് വീഡിയോയിലൂടെ വിശദീകരിച്ചത്. 250ഓളം ജീവനക്കാരും രോഗികളും അവര്‍ക്കൊപ്പമുള്ളവരും ആശുപത്രി കെട്ടിടങ്ങളില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും എമര്‍ജന്‍സി നമ്പരുകളിലൊന്നും വിളിച്ചിട്ട് കിട്ടുന്നില്ലെന്നും രമ്യ വിശദീകരിക്കുന്നു. ആശുപത്രി കെട്ടിടവും ചുറ്റുപാടുകളും വെള്ളത്തില്‍ മുങ്ങിയത് വീഡിയോയില്‍ കാണാം. ഇന്നലെ താഴത്തെ നിലയിലെ ഐസിയുവിലടക്കം വെള്ളം കയറിയിരുന്നെങ്കില്‍ ഇപ്പോള്‍ ആദ്യനില പൂര്‍ണമായും മുങ്ങിപ്പോയ അവസ്ഥയിലാണ്. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ പൂര്‍ണമായും മുങ്ങിയിട്ടുണ്ട്.
ഫേസ്ബുക്ക് ലൈവില്‍ ആശുപത്രി ജീവനക്കാരി പറയുന്നത്
"ശക്തമായ മഴയാണ്. ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. വിളിച്ചിട്ട് കിട്ടുന്നില്ല. എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്കും അറിയില്ല. ഹോസ്പിറ്റലിന്റെ താഴത്തെ നില പൂര്‍ണമായും മുങ്ങിക്കൊണ്ടിരിക്കുകയാണ്. മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ വെള്ളത്തില്‍ പൂര്‍ണമായും മുങ്ങി. പ്ലീസ് ഹെല്‍പ്. ഒരു ഹെല്‍പ് ലൈനിലും വിളിച്ചിട്ട് കിട്ടുന്നില്ല. എല്ലാ ലൈനുകളും തിരക്കിലാണ്. 250 ജീവനക്കാരുണ്ട് ഇവിടെ. രോഗികളും അവര്‍ക്ക് ഒപ്പമുള്ളവരും ഉണ്ട്. രോഗികള്‍ക്കടക്കം ഇന്നലെ സൂക്ഷിച്ചുവച്ച അത്യാവശ്യ ഭക്ഷണമേ ഉള്ളൂ. എങ്ങനെയെങ്കിലും ഞങ്ങളെ ഇവിടെനിന്ന് രക്ഷിച്ചേപറ്റൂ. മുത്തൂറ്റ് മെഡിക്കല്‍ സെന്റര്‍ കോഴഞ്ചേരിയാണ് സ്ഥലം. രണ്ടാള്‍ പൊക്കത്തില്‍ ഇപ്പോള്‍ വെള്ളമുണ്ട്. കനത്ത മഴയില്‍ ജലനിരപ്പ് ഉയരുന്നുകൊണ്ടിരിക്കുകയാണ്. ഭക്ഷണമില്ലെങ്കിലും സാരമില്ല, ഞങ്ങളുടെ ജീവന്‍ രക്ഷിക്കൂ."
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam