
ചെന്നൈ: അണ്ണാ ഡിഎംകെയിലെ ലയന ചര്‍ച്ച അനിശ്ചിതത്വത്തിലാക്കി ഒ.പനീര്‍ശെല്‍വം സംസ്ഥാന പര്യടനം പ്രഖ്യാപിച്ചു. തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി വെള്ളിയാഴ്ച മുതല്‍ ഒപിഎസിന്റെ പര്യടനം തുടങ്ങും. അണ്ണാ ഡിഎംകെ മുഖമാസികയില്‍ ശശികലയുടെ ഭര്‍ത്താവ് നടരാജന്റെയും ബന്ധുവിന്റെയും ചിത്രങ്ങള്‍ അച്ചടിച്ച് വന്നതാണ് ഒപിഎസ് പക്ഷത്തെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.
പോരടിച്ചു നില്‍ക്കുന്ന അണ്ണാ ഡിഎംകെയുടെ രണ്ടിലകള്‍ തമ്മിലുള്ള ലയന ചര്‍ച്ചകള്‍ വഴിമുട്ടിയതിന്റെ സൂചനയാണ് ഒ.പനീര്‍ശെല്‍വത്തിന്റെ പ്രഖ്യാപനം. വരാനിരിയ്‌ക്കുന്ന തദ്ദേശഭരണതെരഞ്ഞെടുപ്പിന് മുന്നോടിയായി പുരട്ചി തലൈവി അമ്മാ പാര്‍ട്ടിയ്‌ക്ക് പിന്തുണ തേടിയാണ് ഒപിഎസ് സംസ്ഥാന പര്യടനം തുടങ്ങുന്നത്. പാര്‍ട്ടിയില്‍ നിന്ന് ശശികലയുടെ മണ്ണാര്‍ഗുഡി കുടുംബത്തെ പുറത്താക്കണമെന്ന ഒപിഎസ് ക്യാമ്പിന്റെ ആവശ്യം എത്രയും പെട്ടെന്ന് അംഗീകരിയ്‌ക്കണമെന്ന അന്ത്യശാസനമാണിത്. എടപ്പാടി പളനിസ്വാമി പക്ഷം ഈ ആവശ്യം അംഗീകരിയ്‌ക്കുന്ന മട്ടില്ല.
അങ്ങനെയെങ്കില്‍ സമവായ ചര്‍ച്ചയ്‌ക്കായി രൂപീകരിച്ച പ്രത്യേകസമിതിയെ പിരിച്ചുവിടുന്നതുള്‍പ്പടെയുള്ള കടുത്ത നടപടികളിലേയ്‌ക്ക് ഒപിഎസ് പക്ഷം നീങ്ങിയേക്കും. മെയ് ദിനത്തില്‍ പ്രസിദ്ധീകരിച്ച നമത് എംജിആര്‍ എന്ന അണ്ണാ ഡിഎംകെ മുഖപത്രത്തില്‍ ശശികലയുടെ ബന്ധു ദിവാകരന്റെയും ഭര്‍ത്താവ് നടരാജന്റെയും ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത് ഒപിഎസ് പക്ഷത്തെ പ്രകോപിപ്പിച്ചുവെന്നത് തീര്‍ച്ചയാണ്. അണ്ണാ ഡിഎംകെ അമ്മ പാര്‍ട്ടിയില്‍ മണ്ണാര്‍ഗുഡി കുടുംബത്തിനിപ്പോഴും നല്ല സ്വാധീനമുണ്ടെന്നതിന്റെ തെളിവായാണ് ഈ ചിത്രം വിലയിരുത്തപ്പെടുന്നത്.
അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന ശശികലയുടെയും, രണ്ടില ചിഹ്നത്തിന് കോഴ നല്‍കിയെന്ന കേസില്‍ അറസ്റ്റിലായ ദിനകരന്റെയും അസാന്നിദ്ധ്യത്തില്‍ ശശികലയുടെ ബന്ധു ദിവാകരനും നടരാജനും പാര്‍ട്ടി കാര്യങ്ങള്‍ നിയന്ത്രിയ്‌ക്കുകയാണെന്നാണ് സൂചന. മെയ് ദിനപരിപാടികളിലുള്‍പ്പടെ ഇരുപക്ഷവും പരസ്‌പരം തുറന്ന വിമര്‍ശനമുന്നയിച്ചതും ഭിന്നത രൂക്ഷമാകുന്നുവെന്നതിന്റെ തെളിവാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam