ശബരിമലയിലെ ഒരുക്കങ്ങളില്‍ തൃപ്തിയെന്ന് നിരീക്ഷണ സമിതി

By Web TeamFirst Published Dec 4, 2018, 8:12 PM IST
Highlights

സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ച് ദേവസ്വം ബോർഡ് സമിതിയോട് ആശങ്ക പങ്ക് വച്ചു. സമിതി നടത്തിയ ചർച്ചയിൽ നിയന്ത്രണങ്ങൾ തുടരണമെന്ന നിലപാടാണ് പൊലീസ്  സ്വീകരിച്ചത്. 

പത്തനംതിട്ട: സന്നിധാനത്തെയും നിലയ്ക്കലിലെയും ഒരുക്കങ്ങളിൽ ത്യപ്തിയെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി. എന്നാൽ പൊലീസ് നിയന്ത്രണങ്ങൾ കുറയ്ക്കുന്നതിനെക്കുറിച്ച് സമിതി നിലപാട് വ്യക്തമാക്കിയില്ല.

മണ്ഡലകാലത്ത് ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താനാണ് ഹൈക്കോടതി സമിതിയെ നിയോഗിച്ചത്. അതേസമയം സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ച് ദേവസ്വം ബോർഡ് സമിതിയോട് ആശങ്ക പങ്ക് വച്ചു. സമിതി നടത്തിയ ചർച്ചയിൽ നിയന്ത്രണങ്ങൾ തുടരണമെന്ന നിലപാടാണ് പൊലീസ്  സ്വീകരിച്ചത്. 

ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷികവും പൊലീസ് ചൂണ്ടിക്കാട്ടി. മഹാകാണിക്കയ്ക്ക് മുന്നിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പൊലീസ് ക്രമീകരണങ്ങൾ നിരീക്ഷിക്കുമെന്നായിരുന്നു സമിതി അംഗങ്ങളുടെ പ്രതികരണം.

പമ്പയിൽ അധികമായി മൂത്രപ്പുരകളും കക്കൂസും സ്ഥാപിക്കണമെന്നും സമിതി നിർദ്ദേശിച്ചിട്ടുണ്ട്. ഒരുക്കങ്ങളിൽ തീർത്ഥാടകരും തൃപ്തരാണെന്ന് വ്യക്തമാക്കിയ സമിതി ദേവസ്വം ബോർഡിനെ പിന്തുണച്ചു. കഴിഞ്ഞ ദിവസത്തേ പോലെ സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴിക്ക് തുടരുന്നു. നടവരവും കൂടി . ഇന്നലെ മാത്രം ഒരു  കോടി അഞ്ച് ലക്ഷമാണ് നടവരവായി കിട്ടിയത്.

click me!