തൊഴിലുറപ്പു പദ്ധതി പൊളിച്ചെഴുതാനുള്ള വിബി ജി റാം ജി ബില്ല് പാസാക്കി ലോക്സഭ. പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ബില്ല് പാസാക്കിയത്

ദില്ലി: തൊഴിലുറപ്പു പദ്ധതി പൊളിച്ചെഴുതാനുള്ള വിബി ജി റാം ജി ബില്ല് പാസാക്കി ലോക്സഭ. പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ബില്ല് പാസാക്കിയത്. മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല ചെയ്തതെന്നും പുതിയ പദ്ധതിയാണെന്നും ശിവരാജ്സിംഗ് ചൗഹാൻ സഭയില്‍ പറഞ്ഞു. പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രതിപക്ഷം ബില്ല് വലിച്ചുകീറി എറിഞ്ഞു. പിന്നാലെ ബഹളത്തിന് കീഴടങ്ങില്ലെന്ന് ശിവരാജ്സിംഗ് ചൗഹാൻ വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതി പൂജ്യ ബാപു ​ഗ്രാമീൺ റോസ്​ഗാർ യോജന എന്ന് പേര് മാറ്റുമെന്നാണ് നേരത്തെ വിവരങ്ങൾ പുറത്ത് വന്നത്. ഇതിനെ ബിജെപി നേതാക്കൾ പരസ്യമായി സ്വാ​ഗതം ചെയ്യുകയും പ്രതിപക്ഷം എതിർക്കുകയും ചെയ്തിരുന്നു. എന്നാൽ പേര് മാത്രമല്ല വികസിത ഭാരത് ​ഗ്യാരണ്ടീ ഫോർ റോസ്​ഗാർ ആൻഡ് ആജീവിക മിഷൻ എന്ന പേരിൽ പദ്ധതി മൊത്തത്തിൽ പൊളിച്ചെഴുതുകയാണെന്ന് പാർലമെന്റിൽ അവതരണത്തിന് മുന്നോടിയായി ബിൽ എംപിമാർക്ക് ലഭിച്ചപ്പോഴാണ് വ്യക്തമായത്.

വിബി ജി റാം ജി എന്നാവും പദ്ധതിയുടെ ചുരുക്ക പേര്. നേരത്തെ നൂറ് ശതമാനം പദ്ധതി വിഹിതവും കേന്ദ്രസർക്കാരാണ് നൽകിയിരുന്നതെങ്കിൽ പുതിയ നിയമത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കും ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കും പത്ത് ശതമാനവും, മറ്റ് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നാൽപത് ശതമാനവും ബാധ്യത വരും. ഉറപ്പാക്കുന്ന തൊഴിൽ ദിനങ്ങൾ നൂറിൽ നിന്നും നൂറ്റിയിരുപത്തഞ്ചായി ഉയർത്തിയിട്ടുണ്ട്. അതേസമയം പദ്ധതിക്കായി അം​ഗീകരിച്ച തൊഴിലുകളിൽ കാര്യമായ മാറ്റമുണ്ട്. വികസിത ഭാരതമെന്ന ലക്ഷ്യത്തോടെ ​ഗ്രാമങ്ങളിലെ അടിസ്ഥാന വികസനത്തിനായി പൊതുമരാമത്ത് പ്രവർത്തികളെ ശാക്തീകരിക്കാനും, ജല സംരക്ഷണം, അനുബന്ധ ജോലികൾ, ​ഗ്രാമീണ വികസനം, ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെല്ലുവിളികൾ ചെറുക്കാനുള്ള പ്രവർത്തികൾ മുതലായവയാണ് ജോലിയായി അം​ഗീകരിച്ചിട്ടുള്ളത്. പ്രധാനപ്പെട്ട കാർഷിക സീസണുകളിൽ പദ്ധതിപ്രകാരം തൊഴിൽ നൽകാൻ പാടില്ലെന്നും, കർഷക തൊഴിളാളികളുടെ ലഭ്യത ഉറപ്പുവരുത്താനാണിതെന്നും ബില്ലിൽ പറയുന്നു. അപേക്ഷിച്ച് പതിനഞ്ച് ദിവസത്തിനകം തൊഴിൽ നൽകിയില്ലെങ്കിൽ വേതനത്തിന് അർഹതയുണ്ടായിരിക്കുമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. കേന്ദ്ര ​ഗ്രാമീണ റോസ്​ഗാർ കൗൺസിലാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുക. നേരത്തെ ​ഗ്രാമീണ വികസന മന്ത്രാലയമായിരുന്നു മേൽനോട്ടം. പദ്ധതിയുടെ ബാധ്യത സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപിക്കാനാണ് കേന്ദ്രസർക്കാർ നീക്കമെന്ന് പ്രതിപക്ഷം വിമർശിച്ചു.

ഡിസംബർ 19ന് വി ബി ജി റാം ജി ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കർഷക തൊഴിലാളി യൂണിയനുകളുടെ സംയുക്ത വേദി അറിയിച്ചിട്ടുണ്ട്. പ്രാദേശിക ജില്ല സംസ്ഥാന ദേശീയ തലങ്ങളിൽ പ്രതിഷേധം നടത്തും. കർഷകരും തൊഴിലാളികളും സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ പ്രതിഷേധത്തിന്‍റെ ഭാഗമാകും എന്ന് നേതാക്കൾ അറിയിച്ചു. ബില്ലിന്‍റെ പേരിൽ പ്രശ്നമുണ്ടെങ്കിലും അതിനേക്കാൾ വലിയ പ്രശ്നം അതിന്‍റെ ഉള്ളടക്കത്തിൽ ആണെന്നും അഭിമാനത്തോടെ ജീവിക്കാൻ ഭരണഘടന ജനങ്ങൾക്ക് നൽകുന്ന അവകാശത്തെ തകർക്കുന്നതാണ് ബില്ലെന്നും സിപിഐ നേതാവ് ആനി രാജ പറഞ്ഞു.

YouTube video player