ഓഖി ദുരന്തം: സംസ്ഥാനത്ത് 38 മരണമെന്ന് സ്ഥിരീകരണം; ഇന്ന് രാജ് ഭവന്‍ മാര്‍ച്ച്

By web deskFirst Published Dec 10, 2017, 11:44 PM IST
Highlights

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കായി പന്ത്രണ്ടാം ദിവസവും തെരച്ചില്‍ തുടരുകയാണ്. ഇതുവരെ 38 പേര്‍ മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. കേരളത്തില്‍ നിന്ന് കാണാതായ 146 പേരെ കണ്ടെത്താനുണ്ടെന്നും റവന്യൂ വകുപ്പ് പുറത്തുവിട്ട പുതിയ കണക്കില്‍ പറയുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള 13 പേരെയും  കാണാതായിട്ടുണ്ട്. മരിച്ച പതിനാല് പേരുടെ മൃതദേഹം ഇനി തിരിച്ചറിയാനുണ്ട്. അതിനിടെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ ഇന്ന് രാജ് ഭവനിലേയ്ക്ക് മാര്‍ച്ച് നടത്തും. 

ഓഖി ചുഴലിക്കാറ്റില്‍പെട്ട് കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കുക, മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുക, കേന്ദ്ര ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. മാര്‍ച്ചിന്‍റെ ഭാഗമായി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണമുണ്ടായിരിക്കും.അതേസമയം ഓഖി ദുരന്തത്തില്‍പ്പെട്ട് കടലില്‍ കാണാതായ 185 മത്സ്യത്തൊഴിലാളികള്‍ കൂടി തീരത്തെത്തി. ലക്ഷദ്വീപില്‍ നിന്ന് ഏഴ് ബോട്ടുകളിലായാണ് ഇവരെ കൊച്ചിയിലെത്തിയത്.

ഇവരില്‍ ഭൂരിഭാഗം പേരും ചുഴലിക്കാറ്റില്‍ പെട്ട് ലക്ഷദ്വീപില്‍ അഭയം തമിഴ്‌നാട് സ്വദേശികളാണ്. തിരിച്ചെത്തിയവരില്‍ 26 മലയാളികളും ഉള്‍പ്പെടുന്നു. അതേസമയം, തിരച്ചിലിന് അയല്‍രാജ്യങ്ങളുടെ സഹായം തേടുന്നതുള്‍പ്പെടെ, ഓഖി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. 

 

 

click me!