ഇടുക്കിയിലെ ഓഫ് റോഡ് ജീപ്പ് സവാരിക്ക് നിയന്ത്രണം

By Web TeamFirst Published Sep 20, 2018, 1:01 PM IST
Highlights

ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാമക്കൽമേട്, സത്രം, കൊളുക്കുമല, വാഗമൺ തുടങ്ങിയ സ്ഥലങ്ങളിലാണ് ഓഫ് റോഡ് സവാരി ജീപ്പുകൾ അധികമെത്തുന്നത്. 

ഇടുക്കി: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലുള്ള ഓഫ് റോഡ് ജീപ്പ് സഫാരിക്ക് കടിഞ്ഞാണിടാൻ ഡിടിപിസി നടപടി തുടങ്ങി. ഇതിനായി ഓഫ് റോഡ് സഫാരി നടത്തുന്ന വാഹനങ്ങൾ സമീപത്തെ ജോയിൻറ് ആർടിഓ ഓഫീസുകളിൽ നിന്നും പ്രത്യേക സ്റ്റിക്കർ പതിക്കണം.

ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാമക്കൽമേട്, സത്രം, കൊളുക്കുമല, വാഗമൺ തുടങ്ങിയ സ്ഥലങ്ങളിലാണ് ഓഫ് റോഡ് സവാരി ജീപ്പുകൾ അധികമെത്തുന്നത്. ചെറുകിട സഞ്ചാര കേന്ദ്രങ്ങളിലും ഇപ്പോഴിത് വ്യാപകമായുണ്ട്. ഇതോടെ പരാതികളുടെ എണ്ണവും കൂടി. അമിത ചാർജ്ജ്, അമിത വേഗം, വേണ്ടത്ര സുരക്ഷയില്ലാതെയുള്ള ഡ്രൈവിംഗ് തുടങ്ങിയ പരാതികളാണ് വ്യാപകമായത്. അമിത വേഗവും വൈദഗ്ദ്ധ്യമില്ലാത്ത ഡ്രൈവിംഗും മൂലം അപകടവും വർദ്ധിച്ചിരുന്നു  ഇതോടെയാണ് പ്രശ്നത്തിൽ ഇടപെടാൻ ജില്ല ടൂറിസം പ്രൊമോഷൻ കൌൺസിൽ തീരുമാനിച്ചത്. 

ഓരോ മേഖലയിലും ഈ രംഗത്തുള്ളവരും ജനപ്രതിനിധികളുമായി  ആലോചിച്ച് പോകേണ്ട റൂട്ടും, സമയവും, ചാർജ്ജും ഡിറ്റിപിസി നിശ്ചയിക്കും. വാഹനങ്ങളുടെ മത്സരയോട്ടം ഒഴിവാക്കാൻ സ്റ്റിക്കർ പതിച്ച് രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ക്യൂ സംവിധാനവും ഏർപ്പെടുത്തും. ഇതൊക്കെ ചെയ്താൽ സഞ്ചാരികൾക്ക് സുരക്ഷിതമായ ഓഫ് റോഡ്  സവാരി ഉറപ്പാക്കാനാകുമെന്നാണ് ഡിറ്റിപിസിയുടെ കണക്കു കൂട്ടൽ.
 

tags
click me!