
ആലപ്പുഴ: കെആര്‍ഇഎംഎല്ലിന്റെ അധികഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം അട്ടിമറിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത്. ശശിധരൻ കർത്തയെ സഹായിച്ചത് അതുൽ സ്വാമിനാഥന് പകരം വന്ന താലൂക്ക് ലാൻഡ് ബോർഡ് ചെയർമാനെന്ന് റിപ്പോര്‍ട്ട്. ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവിറക്കുന്നതിന് പകരം ഇളവ് നേടുന്നതിനുള്ള മാർഗങ്ങൾ കമ്പനിയെ അറിയിക്കുകയാണ് പുതിയ ചെയർമാൻ സന്തോഷ്കുമാര്‍ ചെയ്തത്.
കഴിഞ്ഞ കൊല്ലം ഏപ്രില്‍ മാസം മുപ്പതിനാണ് ആലപ്പുഴയിലെ ശശിധരന്‍ കര്‍ത്തയുടെ ഉടമസ്ഥതതയിലുള്ള കമ്പനിയുടെ അധികഭൂമി തിരിച്ചുപിടിക്കാന്‍ കാര്‍ത്തികപ്പള്ളി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് തീരുമാനമെടുക്കുന്നത്. കമ്പനിക്ക് നോട്ടീസയച്ച് ഒരു മാസത്തിനകം ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവിറക്കാമെന്നിരിക്കെ ഫയല്‍ നീട്ടിക്കൊണ്ടുപോവുകയാണ് ചില ഉദ്യോഗസ്ഥര്‍ ചെയ്തത്. തീരുമാനമെടുത്ത അതുല്‍ സ്വമിനാഥന്‍ സ്ഥല മാറിയ ശേഷം എത്തിയ ഉദ്യോഗസ്ഥനാണ് ഫയല്‍ നീട്ടിക്കൊണ്ട് പോവുന്നത്.
ഉത്തരവിറക്കാനുള്ള തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിനിടെ സീറ്റുമാറിയെത്തിയ നിലവിലുള്ള സെക്ഷന്‍ ക്ലര്‍ക്ക് ഫയലില്‍ ഇങ്ങനെയെഴുതി. സ്ഥലം ഒഴിവാക്കണമെന്ന് കാണിച്ച് സര്‍ക്കാരിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. ആയതിനാല്‍ സ്ഥലം സീലിംഗ് ഏരിയയില്‍ നിന്ന് ഒഴിവാക്കുവാന്‍ സാധിക്കുകയില്ല. പിന്നാലെ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനായ എസ് സന്തോഷ്കുമാര്‍ കമ്പനിക്ക് നല്‍കിയ കത്താണിത്. കത്തില്‍ ഇങ്ങനെ പറയുന്നു. ഇളവ് അനുവദിക്കുന്നതിനായി കെഎല്‍ആര്‍ ആക്ട് 81 പ്രകാരം സര്‍ക്കാരില്‍ അപേക്ഷ കൊടുക്കണം.
അതായത് ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം ഉത്തരവാക്കി ഭൂമി തിരിച്ചുപിടിക്കുന്നതിന് പകരം എങ്ങനെ ഇളവ് നേടാമെന്ന് പിന്നീട് വന്ന താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ കമ്പനിയെ അറിയിക്കുകയായിരുന്നു. താലൂക്ക് ലാന്‍ഡ് ബോര്‍ഡ് എടുത്ത തീരുമാനം പിന്നീട് വന്ന താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ തന്നെ അട്ടിമറിച്ചെന്ന് ചുരുക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam