കർഷക ആത്മഹത്യ തടയാന്‍ സർക്കാർ നടപടിയില്ല; യുഡിഎഫ് സമരരംഗത്തേക്ക്

By Web TeamFirst Published Feb 25, 2019, 8:34 AM IST
Highlights

ഇടുക്കിയിലെ കർഷക ആത്മഹത്യ തെരഞ്ഞെടുപ്പ് വിഷയമാക്കാൻ ഒരുങ്ങി യുഡിഎഫ്. കർഷക ആത്മഹത്യകൾ തടയാൻ സർക്കാർ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ബുധനാഴ്ച ഇടുക്കി കളക്ട്രേറ്റിന് മുന്നിൽ നിരാഹാരസമരം നടത്തും.

ഇടുക്കി: ഇടുക്കിയിലെ കർഷക ആത്മഹത്യകൾ തടയാൻ സർക്കാർ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് യു ഡി എഫ് സമരരംഗത്തേക്ക്. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ബുധനാഴ്ച ഇടുക്കി കളക്ട്രേറ്റിന് മുന്നിൽ നിരാഹാരസമരം നടത്തും. തുടർസമരങ്ങൾ യു ഡി എഫ് ഉഭയകക്ഷിയോഗം ചർച്ച ചെയ്ത് തീരുമാനിക്കും.

കർഷക ആത്മഹത്യകൾ സർക്കാരിനെതിരെ തെരഞ്ഞെടുപ്പ് വിഷയമായി ഉയർത്താനാണ് യു ഡി എഫിന്‍റെ നീക്കം. കർഷക ആത്മഹത്യകൾ തടയുന്നതിൽ സർക്കാർ പരാജയമാണെന്ന് ആരോപിച്ച് കോൺഗ്രസ് സമരരംഗത്തുണ്ട്. ഇതിന് ഊ‍‍ർജം പകരാനാണ് ഘടകകക്ഷികൾ കൂടി എത്തുന്നത്. ഇടുക്കിക്ക് 5,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ബജറ്റിന് ശേഷം അനുവദിച്ചെങ്കിലും അടിയന്തര സാഹചര്യം നേരിടാനുള്ള പണം പാക്കേജിൽ ഇല്ലെന്നാണ് യു ഡി എഫിന്‍റെ ആരോപണം.

ഈ മാസം 27ന് സൂചന സമരമാണ് കളക്ടേറ്റിന് മുന്നിൽ കേരള കോൺഗ്രസ് ജേക്കബ്ബ് വിഭാഗം നടത്തുന്നത്. ചൊവ്വാഴ്ച കൊച്ചിയിൽ ചേരുന്ന യുഡിഎഫ് ഉഭയകക്ഷി യോഗം സമരത്തിന് അന്തിമരൂപം നൽകും. അയ്യായിരം കോടി രൂപയുടെ പാക്കേജിൽ നിന്ന് ആയിരം കോടി രൂപയെങ്കിലും കാർഷിക കടങ്ങൾ എഴുതി തള്ളാനായി വിനിയോഗിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

click me!