
ന്യൂഡല്‍ഹി: മണ്ണെണ്ണയുടെ വില വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് അനുവാദം നല്‍കി. പ്രതിമാസം ലിറ്ററിന് 25 പൈസ വീതം കൂട്ടാനാണ് പെട്രോളിയം മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. 2017 ഏപ്രില്‍ വരെ ഇത്തരത്തില്‍ വില കൂട്ടാനാണ് അനുമതി.
മണ്ണെണ്ണ സബ്‍സിഡി നിരക്കില്‍ വില കുറച്ച് വില്‍ക്കുന്നതുമൂലം ലിറ്ററിന് 13 രൂപയുടെ നഷ്ടം ഉണ്ടാകുന്നുവെന്നാണ് എണ്ണക്കമ്പനികളുടെ വാദം. അതിനാല്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില നിര്‍ണ്ണയാവകാശം നല്‍കിയതു പോലെ വിപണി വിലക്ക് മണ്ണെണ്ണയും വില്‍ക്കാന്‍ അനുമതി വേണമെന്നത് എണ്ണക്കമ്പനികളുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ്. എന്നാല്‍ കാര്‍ഷിക മത്സ്യബന്ധന മേഖലയില്‍ വലിയ തോതില്‍ ഉപയോഗിക്കുന്ന മണ്ണെണ്ണയുടെ വില നിര്‍ണ്ണയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് കൈമാറിയിരുന്നില്ല. ഇക്കാര്യത്തില്‍ എണ്ണക്കമ്പനികളുടെ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് വില നേരിയ തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്.
നിലവില്‍ 42 ശതമാനം സബ്‍സിഡി നിരക്കിലാണ് മണ്ണെണ്ണ പെതുവിതരണ സമ്പ്രദായത്തില്‍ വില്‍ക്കുന്നത്. ഈ മാസം ഒന്നിന് മണ്ണെണ്ണ വില ലിറ്ററിന് 25 പൈസ എണ്ണക്കമ്പനികള്‍ കൂട്ടിയിരുന്നു. ഇനി മുതല്‍ ഇത്തരത്തില്‍ എല്ലാ മാസവും വര്‍ദ്ധിപ്പിക്കാനാണ് പൊതു മേഖലാ എണ്ണക്കമ്പനികള്‍ക്ക് പെട്രോളിയം മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. അടുത്തവര്‍ഷം ഏപ്രില്‍ വരെ ഇത്തരത്തില്‍ ലിറ്ററിന് 25 പൈസ വീതം കൂട്ടാം.10 മാസം കൊണ്ട് ഇങ്ങനെ ലിറ്ററിന് രണ്ടര രൂപ വര്‍ദ്ധിപ്പിക്കാനാണ് അനുമതി. എണ്ണക്കമ്പനികള്‍ക്ക് സബ്സിഡി ബാധ്യതയില്‍ 1000 കോടി രൂപയുടെ കുറവ് ഇതു മൂലം ഉണ്ടാകുമെന്നാണ് കണക്ക്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam