ഓഖി ദുരന്തം; പുനരധിവാസത്തിന് 1843 കോടിയുടെ ധനസഹായം വേണമെന്ന് മുഖ്യമന്ത്രി

By Web deskFirst Published Dec 9, 2017, 6:22 PM IST
Highlights

ദില്ലി: ഓഖി ദുരന്തത്തില്‍ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായും പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ഓഖി ദുരന്തത്തെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ സാഹചര്യത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു. 

ഓഖി ദുരന്തത്തില്‍പെട്ടവര്‍ക്ക് സഹായം നല്‍കാന്‍ അടിയന്തിരമായി 300 കോടി അനുവദിക്കണം. പുനരധിവാസത്തിനായി 1843 കോടിയുടെ ധനസഹായം വേണം. 13436 മത്സ്യത്തൊഴിലാളികള്‍ക്ക് വീടില്ല. ഇവര്‍ക്ക് ഗ്രാമീണ പാര്‍പ്പിട പദ്ധതിയില് ഉള്‍പ്പെടുത്തി വീട് വച്ച് നല്‍കണം. ദുരന്തത്തെ തുടര്‍ന്ന് 3800 മണിക്കൂര്‍ നീണ്ട ഏകോപിത രക്ഷാപ്രവത്തനമാണ് നടന്നത്. ഇതിന്റെ ചെലവ് കേന്ദ്രം വഹിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

ലോക ബാങ്കിന്റെ സഹായത്തോടെ പുനരധിവാസ പാക്കേജ്, മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിനുള്ള സൗകര്യങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ക്ക് സന്ദേശം നല്‍കുന്നതിനുളള സംവിധാനം തുടങ്ങിയവ മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടവയില്‍ ഉള്‍പ്പെടും. 

കേരളം ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളോടും അനുഭാവപൂര്‍വ്വമായ പ്രതികരണമാണ് കേന്ദ്രമന്ത്രിമാരില്‍നിന്ന് ഉണ്ടായത്. ഓഖി ദുരന്തം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലെത്തുമെന്നും കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.
 

click me!