
കൊച്ചി: മലയാളക്കരയെ ഉലച്ച മഹാപ്രളയത്തില്‍ നിന്ന് അതിജീവിക്കാനുള്ള ദൃഢപ്രതിജ്ഞയിലാണ് ഒരു ജനത. കഴിയുന്നത്ര സഹായവുമായി എല്ലാവരും രംഗത്തുണ്ട്. അതിനിടയിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സഹായവുമായെത്തി ഒരു മുത്തശ്ശിയുടെ വീഡിയോ വൈറലാകുന്നത്.
തന്‍റെ അക്കൗണ്ടില്‍ ആകെയുണ്ടായിരുന്ന ഒരു ലക്ഷം രൂപയും ദുരിത ബാധിതരെ സഹായിക്കാനായി നല്‍കിയത് കൊണ്ടു മാത്രമല്ല മുത്തശ്ശി ശ്രദ്ധേയയായത്. കാശും സാധനങ്ങളും നല്‍കിയ ശേഷം ക്യാമ്പില്‍ നിന്ന് പുറത്തിറങ്ങവെയുള്ള ശാന്തകുമാരിയെന്ന അമ്മയുടെ മാസ് ഡയലോഗും ഗംഭീരമായിരുന്നു.
സഹായധനവുമായി ക്യാമ്പിലെത്തിയ മടങ്ങവെ ദൃശ്യങ്ങൾ പകർത്തിയവരോടുള്ള മുത്തശ്ശിയുടെ ഡയലോഗ് അത്രമേല്‍ സുന്ദരമായിരുന്നു. ' വിഡിയോ എടുത്തോ, പക്ഷേ മമ്മൂട്ടിയെ കാണിക്കരുത്. മൂപ്പര് ബന്ധം ഒഴിയും എന്റെ സൗന്ദര്യം കണ്ടിട്ട്' എന്ന് പറയുമ്പോള്‍ ആ മനസ്സിന്‍റെ സൗന്ദര്യം പ്രകടമായിരുന്നു.
മൂന്ന് വർഷം മുമ്പ് ഭർത്താവ് മരിച്ച ശാന്തകുമാരി വാടക വീട്ടിലാണ് താമസം. ഇടയ്ക്ക് വീണ് പരിക്കേറ്റ കൈയ്യമായാണ് ക്യാമ്പിലെത്തിയതെങ്കിലും ആ മുഖത്തും മനസ്സിലുമുള്ള ആര്‍ജ്ജവം പലര്‍ക്കും മാതൃകയാണ്.